പുതുക്കാട്: റെയിൽവേ സ്റ്റേഷൻ വികസനത്തിനായി വികസനസമിതി രൂപവത്കരിക്കും. പുതുക്കാട് റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലായിരുന്നു തീരുമാനം. പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
പുതുക്കാട് സ്റ്റേഷൻ അടിസ്ഥാനസൗകര്യ വികസനമായിരുന്നു യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്തത്. പുതുക്കാട് എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന യോഗം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ അധ്യക്ഷനായി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതുപ്രവർത്തകരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ, കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ, സിപിഎം പുതുക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അൽജോ പുളിക്കൻ, ബിജെപി പുതുക്കാട് മണ്ഡലം ജനറൽ സെക്രട്ടറി വിജു തച്ചംകുളം, പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അരുൺ ലോഹിതാക്ഷൻ, പി.ജി. മോഹനൻ, വർഗീസ് തെക്കേത്തല, സി.പി. സജീവൻ, ജിബിൻ പുതുപ്പള്ളി, വി. വിജി ൻ വേണു എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി പുതുക്കാട് റെയിൽവേ സ്റ്റേഷൻ വികസനം യാത്രക്കാരുടെ ആവശ്യമാണ്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയുടെ ഉദ്ഘാടനച്ച ടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി ഇരിങ്ങാലക്കുട, പുതുക്കാട് സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അമൃത് ഭാരത് പദ്ധതി നടപ്പാക്കിയാൽ സ്റ്റേഷന്റെ വരുമാനം ഒരു കോടിക്ക് മുകളിൽ വർധിപ്പിച്ച് സ്റ്റേഷൻ ഗ്രേഡ് അഞ്ചിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ യാത്രക്കാർ.