കോഴിക്കോട്: അർജുൻ ആയങ്കി ഒളിവിലായിരിക്കേ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ.
അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്കു ക്രൗഡ് ഫണ്ടിംഗ് നടത്തിയതിനാണു സഹോദരൻ അജയിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിനു മുന്നിൽനിന്നാണ് അജയ് ആയങ്കിയെ കസ്റ്റഡിയിൽ എടുത്തത്. ക്രൗഡ് ഫണ്ടിംഗിനായി സമൂഹമാധ്യമത്തിൽ നൽകിയ ക്യുആർ കോഡ് തയാറാക്കി നൽകിയത് അജയ് ആയങ്കിയാണെന്നാണു പോലീസ് പറയുന്നത്.
പോലീസ് സംവിധാനത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിനു തെറ്റായ സന്ദേശം നൽകിയതിനാണ് മുൻകരുതലായി അജയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് നടക്കാവ് എസ്ഐ എം.പി. വിഷ്ണുരാജ് അറിയിച്ചു
അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ എത്തിയത് ഗുണ്ടാ നേതാവ്
അജയ് ആയങ്കിയെ ജാമ്യത്തിൽ എടുക്കാൻ എത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിലായി. മലാപ്പറമ്പ് സ്വദേശിയായ ഹൈലേഷ് ആണ് കസ്റ്റഡിയിൽ ആയത്. കണ്ണൂരിലുള്ള അഭിഭാഷകൻ പറഞ്ഞത് പ്രകാരമാണു മറ്റൊരാളുമൊത്ത് അജയ് ആയങ്കിയെ ആൾജാമ്യത്തിൽ ഇറക്കാൻ ഹൈലേഷ് എത്തിയത്.
ജാമ്യത്തിനുവേണ്ടിയുള്ള രേഖകൾ പരിശോധിക്കുന്നതിനിടെയാണ് വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നു പോലീസ് തിരിച്ചറിഞ്ഞത്.
ഹൈലേഷ് കസ്റ്റഡിയിൽ ആയതിനെത്തുടർന്ന് അർജുൻ ആയങ്കിയുടെ മറ്റൊരു സഹോദരൻ അഖിൽ ആയങ്കി എത്തിയാണ് അജയ് ആയങ്കിയെ കൊണ്ടുപോയത്. സ്റ്റേഷനിൽനിന്നു പുറത്തേക്കു വരുന്നതിനിടെ മാധ്യമങ്ങളോട് അഖിൽ ആയങ്കി കയർത്തു സംസാരിച്ചു.
ഉള്ളതാണോ നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും നിങ്ങളുടെ രീതിയിലാണു വാർത്തകൾ തയാറാക്കുന്നതെന്നും കേരളത്തിലെ മാധ്യമങ്ങളോട് ഒന്നും പറയാൻ താത്പര്യമില്ലെന്നും അഖിൽ പറഞ്ഞു.