കോഴിക്കോട്: ഭരത് ലജ്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎല്‍എം) സ്ഥാപക ചെയര്മാന് ആര്. പ്രേംകുമാറിനെ നിക്ഷേപത്തട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം.
അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച് കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷ ഇന്നലെ പരിഗണിച്ച കോടതി തുടര്‍വാദത്തിനായി കേസ് ഇന്നത്തേക്കു മാറ്റിവച്ചു.
അറസ്റ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന് ബോധിപ്പിച്ചതിനെത്തുടര്‍ന്ന് ആ ഹര്‍ജിയുടെ കോപ്പി ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നോട്ടീസ് നല്‍കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാതെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹര്‍ജിയില്‍ തുടര്‍വാദം കേട്ട ശേഷം കോടതി നാളെ വിധി പറയും.
ഒക്ടോബര്‍ 29ന് ചെന്നൈയില്‍ വച്ച് ക്രൈംബ്രാഞ്ച് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ ഉപാധികളില്ലാതെ വിട്ടയച്ചിരുന്നു. പ്രേംകുമാറിനെതിരേ ഇഡി അന്വേഷണവും ആരംഭിച്ചതിനിടെയാണ് വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം.