ന്യൂഡല്‍ഹി: കയറ്റുമതി നിബന്ധനയില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. കയറ്റുമതി പ്രക്രിയ കൂടുതല്‍ ലളിതമാക്കാന്‍ ലക്ഷ്യമിട്ടു രജിസ്ട്രേഷന് കം മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ആര്‍സിഎംസി) വ്യവസ്ഥയിലാണു മാറ്റം വരുത്തിയത്.
ഇതോടെ മൂന്നു ലക്ഷം രൂപവരെ മൂല്യമുള്ള ചരക്ക് കയറ്റുമതിക്കാണ് ഇളവ് ലഭിക്കുക. തപാല്‍, കൊറിയര്‍ സേവനങ്ങള്‍, വളര്‍ന്നുവരുന്ന ഇ കൊമേഴ്സ് പോലുള്ള പുതിയ വിതരണമാര്‍ഗങ്ങള്‍ എന്നിവയിലൂടെയുള്ള കയറ്റുമതിയും കൂടുതല്‍ സുഗമമാകാന്‍ ഈ ഇളവ് സഹായിക്കുമെന്നാണ് വാണിജ്യ-വ്യവസായ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര വ്യാപാരത്തിനായി ഒരു കയറ്റുമതി സ്ഥാപനത്തിന് എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ (ഇപിസി), കമ്മോഡിറ്റി ബോര്‍ഡ് അല്ലെങ്കില്‍ ഡെവലപ്മെന്റ് അഥോറിറ്റി എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു തെളിയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഔദ്യോഗിക രേഖയാണു രജിസ്ട്രേഷന് കം മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. കയറ്റുമതിരംഗത്ത് പുതുതായി എത്തുന്ന ചെറുകിടകാര്ക്കോ ചെറിയ മൂല്യമുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യുന്നവരെയോ സംബന്ധിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെയധികം സങ്കീര്‍ണമാണ്.
വലിയ മൂല്യമുള്ള കയറ്റുമതികള്‍ക്കുള്ള നിലവിലെ ചട്ടങ്ങളില്‍ മാറ്റമുണ്ടാകില്ല. ചെറിയ മൂല്യമുള്ള കയറ്റുമതി ചരക്കുകള്‍ക്കു മാത്രമാണ് പുതിയ ഇളവ് ബാധകമാകുന്നത്. കൂടുതല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങൾ കയറ്റുമതി മേഖലയിലേക്ക് കടന്നുവരാനും ക്രമേണ ഇപിസിയുടെയും കമ്മോഡിറ്റി ബോര്‍ഡുകളുടെയും ഭാഗമാകാനും ഈ നടപടി പ്രോത്സാഹിപ്പിക്കും.
കയറ്റുമതിയിലെ പ്രാരംഭഘട്ടത്തിലെ രേഖാസമര്പ്പണവും അനുബന്ധ നടപടിക്രമങ്ങളും ലഘൂകരിക്കുന്നതിലൂടെ പുതിയതും വളര്‍ന്നുവരുന്നതുമായ കയറ്റുമതിക്കാര്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയിലേക്ക് ഘട്ടംഘട്ടമായി പ്രവേശിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം.