ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രക്ഷോഭത്തെ ഒരു പ്രധാന കേസ് സ്റ്റഡിയായി കണക്കാക്കി പഠിക്കാൻ വലതുപക്ഷ സംഘടനകളോട് ആവശ്യപ്പെട്ട് ആർഎസ്എസ് നേതാവ് അതുൽ ലിമായെ. ഈ പ്രതിഷേധം തികച്ചും "ഭരണഘടനാ വിരുദ്ധവും" "ദേശവിരുദ്ധവുമാണെന്ന്" അദ്ദേഹം വിശേഷിപ്പിച്ചു.
അരാജകവാദികളെക്കുറിച്ച് ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ നൽകിയ ചരിത്രപരമായ മുന്നറിയിപ്പുകൾ ലിമായെ ഓർമിപ്പിച്ചു. ജനാധിപത്യ മാർഗങ്ങളിലൂടെ തന്നെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ഈ പ്രതിഷേധങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തിന് ന്യായമായ കാരണങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം അംഗീകരിച്ചു. എന്നാൽ പിന്നീട് ഈ സമരത്തെ ഇടതുപക്ഷ അനുഭാവികളും മറ്റ് രാഷ്ട്രീയ ഘടകങ്ങളും ഹൈജാക്ക് ചെയ്യുകയാണുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
അന്റോണിയോ ഗ്രാംഷിയുടെ സാംസ്കാരിക മേധാവിത്വമെന്ന ആശയത്തെ ഉദ്ധരിച്ചുകൊണ്ട്, രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ, നീതിന്യായ വ്യവസ്ഥ, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് ഇത്തരം പ്രതിഷേധങ്ങൾ ലക്ഷ്യമിടുന്നതെന്നും ആർഎസ്എസ് നേതാവ് അവകാശപ്പെട്ടു.