ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ റേഡിയോളജി വിഭാഗം സമ്പൂർണ ഡിജിറ്റൈസേഷനിലേക്ക്. ഇതിന്റെ തുടക്കമെന്ന നിലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പിഎസിഎസ് (ചിത്രസംഭരണവും വിനിമയവും) സംവിധാനം ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ കോട്ടയം മെഡിക്കൽ കോളജിലാണ് ആദ്യമായി ഈ സംവിധാനം നടപ്പാക്കുന്നത്.
എക്സ്റേ, സിടി സ്കാൻ, എംആർഐ, സ്കാൻ അൾട്രാസൗണ്ട് തുടങ്ങിയ ഇമേജിംഗ് പരിശോധനകളുടെ ചിത്രങ്ങൾ ഡിജിറ്റിൽ രീതിയിൽ ശേഖരിക്കുന്ന സംവിധാനമാണ് പിഎസിഎസ്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഫിലിമിന്റെ സഹായമില്ലാതെ രോഗികളുടെ പരിശോധന ചിത്രങ്ങൾ സുരക്ഷിതമായി ഡിജിറ്റിൽ രൂപത്തിൽ സൂക്ഷിക്കാനും രോഗികൾക്കും ഡോക്ടർമാർക്കും കൈമാറാനും തുടർ പരിശോധനകൾക്കും കഴിയും. ഡോക്ടർമാർക്ക് ആവശ്യമായ പരിശോധന ചിത്രങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതോടെ രോഗനിർണയവും തുടർചികിത്സകളും കൂടുതൽ കാര്യക്ഷമമാക്കാനും കഴിയും.
റേഡിയോളജി വിഭാഗത്തിൽനിന്നുള്ള പരിശോധനകളും ചിത്രങ്ങളും ഫലങ്ങളും ആശുപത്രിയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കു വേഗത്തിൽ ലഭ്യമാക്കുകയും അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായം തേടുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും. ചിത്രങ്ങളുടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ട് ദീർഘകാലം സൂക്ഷിക്കാനും ആവശ്യാനുസരണം പഴയ പരിശോധനാ ചിത്രങ്ങളും ഫലങ്ങളും എളുപ്പത്തിൽ വീണ്ടെടുക്കാനും സാധിക്കും.\
പുതിയ സംവിധാനം പൂർണ രൂപത്തിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഫിലിമുകളുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം സമയവും ചെലവും ലാഭിക്കാനും ആശുപത്രിയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും സൂപ്രണ്ട് പറഞ്ഞു.