ഡെറാഡൂൺ: ഡെറാഡൂൺ റേസ് കോഴ്സിലെ ബന്നു സ്കൂൾ ഗ്രൗണ്ട് ഉത്തരാഞ്ചലിൽ ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിൽ കുളിച്ചു കിടക്കുകയായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വീഴ്ചകൾ ഉയർത്തിക്കാട്ടി വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രതിധ്വനിയാകാൻ രാഹുൽ ഗാന്ധി തുടങ്ങി വച്ച “ഛാത്രോം കീ ഗൂഞ്ജ്’’ എന്ന മഹാറാലിയുടെ വേദിയാകാനൊരുങ്ങുന്ന സ്കൂളിലെ ചെളി നിറഞ്ഞ ഗ്രൗണ്ടിലേക്ക് കനത്ത മഴയ്ക്കിടയിലും ആയിരങ്ങൾ ഒഴുകിയെത്തി.
ഓഡിറ്റോറിയത്തിനു പുറത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലും സൺ ഷേഡിലും കയറിയിരുന്നാണ് ആളുകൾ രാഹുലിനെ കാത്തിരുന്നത്.രാഹുൽ സംസാരിക്കാൻ തുടങ്ങിയതോടെ അത്രയും നേരം ആവേശഭരിതരായിരുന്ന ജനം ശ്രദ്ധാലുക്കളായി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ സർക്കാർ വരുത്തിയ വീഴ്ചകളും വിദ്യാഭ്യാസ സംവിധാനത്തില അന്യായങ്ങളും രാഹുൽ അക്കമിട്ടു നിരത്തി.
ചോദ്യപേപ്പർ ചോർച്ചകളിൽ സർക്കാരിനെ കുറ്റപ്പെടുത്തിയ രാഹുൽ പേപ്പർ ചോർച്ചകൾ മൂലം ഇരകളാക്കപ്പെട്ടവരെയും സദസിനു മുന്നിലെത്തിച്ചു. പലതവണ ചോദ്യപേപ്പർ ചോർന്നിട്ടും ഒരാൾക്കുപോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഛാത്രോം കീ ഗൂഞ്ചിന്റെ റാലികൾ രാജ്യമെങ്ങും സംഘടിപ്പിക്കുമെന്ന് ഉറപ്പ് നൽകിയാണ് രാഹുൽ വേദി വിട്ടത്.