പത്തനംതിട്ട: ഓപ്പറേഷന് സൈഹണ്ടിന്റെ ഭാഗമായി പത്തനംതിട്ടയില്‍ യുവതി അറസ്റ്റില്‍. കൊടുമണ്‍ ഇടത്തിട്ട ജയാലയം വീട്ടില്‍ ജയമോള്‍ (40) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍നിന്നു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു.
സംശയകരമായ ഇടപാടുകളിലൂടെ ഇവര്‍ 2,60,800 രൂപയുടെ കൈമാറ്റമാണ് നടത്തിയത്. അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റ് മൂന്നുപേരെക്കൂടി അന്വേഷിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000, 1,21,000, 75,000 വീതമുള്ള തുകകള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ ഭാഗമായി പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ 10 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംശയകരമായ അക്കൗണ്ട് ഉടമകളെ നിരീക്ഷിക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന് സൈ - ഹണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എടിഎം കാര്‍ഡ് വഴിയോ ചെക്ക് വഴിയോ പിന്‍വലിച്ച് വീതിച്ചെടുക്കുകയാണ് തട്ടിപ്പുകാരുടെ രീതി.