പുതിയ പാതയിലൂടെ ട്രെയിൻ ഓടി തുടങ്ങി
നേമം: നേമം റെയില്‍വേ സ്റ്റേഷന് വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന സ്റ്റേഷൻ മന്ദിരത്തിന്റെ ഒരു ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. മൂന്നു നിലകളുള്ള പുതിയ സ്റ്റേഷന് മന്ദിരത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും അടിപ്പാതയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
കെട്ടിടത്തില്‍ മൊത്തം നാലു ബ്ലോക്കുകളാണ് ഉണ്ടാവുക. സ്റ്റേഷന് മന്ദിര നിര്‍മാണത്തിനു പുറമെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകള് കൂടി വരുന്നതോടെ നിലവിലുള്ള പ്ലാറ്റ്ഫോമുകള് മാറ്റി സ്ഥാപിക്കും. സ്റ്റേഷന് മന്ദിരത്തിനു പുറകിലായാണ് പാര്‍ക്കിംഗ് സ്ഥലം. അവിടെ നിന്നും യാത്രക്കാര്‍ക്ക് അടിപ്പാതയിലൂടെ രണ്ടാം പ്ലാറ്റ്ഫോമിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
ടെര്‍മിനലിന്റെ ഭാഗമായുള്ള പണി പൂര്‍ത്തിയായ രണ്ടു പിറ്റ് ലൈനുകളില്‍ പാളങ്ങള്‍ ഇട്ടുതുടങ്ങി. അഞ്ച് പിറ്റ്ലൈനുകളില് രണ്ടെണ്ണമാണ് പൂര്‍ത്തിയായത്. നേമം റെയില്‍വെ സ്റ്റേഷനില്‍ വികസന പദ്ധതികള്‍ നടപ്പായാല്‍ തിരുവനന്തപുരം- കന്യാകുമാരി റൂട്ടിലെ മറ്റു പല സ്റ്റേഷനുകള്‍ക്കും ഇതുകൊണ്ടുള്ള പ്രയോജനമുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ദുരിതത്തിനും പരിഹാരമാകും. തിരുവനന്തപുരം സെന്‍ട്രലില്‍ സ്റ്റേഷന് വികസനം നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടെര്‍മിനല്‍ നേമത്താണു വരുന്നത്.
പാത ഇരട്ടിപ്പിന്റെ ഭാഗമായുള്ള പുതിയ പാതയിലൂടെ ട്രെയിനുകൾ ഓടി തുടങ്ങി. തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം മുതല്‍ സ്റ്റുഡിയോ റോഡ് വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായ പുതിയ പാളത്തിലൂടെയാണ് ട്രെയിനുകൾ ഓടിയത്. പഴയ പാളത്തിന്റെ ഉയരം ക്രമീകരിക്കുന്ന ജോലികളും നടന്നുവരികയാണ്. പണികള്‍ നടന്നിടത്ത് റെയില്‍വേയുടെ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഇപ്പോള്‍ മേല്‍പ്പാലം നിര്‍മാണം നടന്നുവരുന്ന എസ്റ്റേറ്റ് വരെ പാത ഇരട്ടിപ്പിനുള്ള പണികളും നടക്കുന്നുണ്ട്.
തിരുവനന്തപുരം മുതല്‍ നേമം വരെ അഞ്ചിലധികം മേല്‍പ്പാലങ്ങളുണ്ട്. തിരുവനന്തപുരം -നേമം, നേമം -നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര - പാറശാല എന്നിങ്ങനെ മൂന്നു റീച്ചായാണ് ഭൂമി ഏറ്റെടുത്തുള്ള വികസന പദ്ധതി തയാറാക്കിയിരിക്കുന്നത്.