ബംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴാൻ പോയ യുവാവിനെ റെയിൽവേ ജീവനക്കാരൻ രക്ഷിച്ചു. കർണാടകയിലെ മുരുഡേശ്വർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. കൊങ്കൺ റെയിൽവേയിലെ പോയിന്റ്സ്മാൻ ഗണപതി നായിക് ആണ് 22- കാരനായ യാത്രക്കാരനെ ജീവിതത്തിലേക്ക് വലിച്ചടുപ്പിച്ചത്.
കേരളത്തിൽ നിന്നും രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് യാത്രക്കാരൻ ഇറങ്ങാൻ ശ്രമിച്ചത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലെ വിടവിലേക്ക് വീഴാൻ പോയ യുവാവിനെ തൊട്ടടുത്തുണ്ടായിരുന്ന ഗണപതി നായിക് നിമിഷങ്ങൾക്കകം വലിച്ച് കയറ്റുകയായിരുന്നു.
അവസരോചിതമായി ഇടപെട്ട ജീവനക്കാരനെ റെയില്‍വേ പ്രശംസിച്ചു. ധീരതയ്ക്കുള്ള അംഗീകാരമായി ഗണപതി നായികിന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് 10,000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.