കൊച്ചി: പൊന്നുരുന്നിയില്‍ നിലവിലുള്ള മാര്‍ഷലിംഗ് യാര്‍ഡിനെ ഒരു പുതിയ റെയില്‍വേ ടെര്‍മിനലായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതിനായി ഒരു മാസത്തിനുളളില്‍ ഫയല്‍ സമര്‍പ്പിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് അറിയിച്ചു. എറണാകുളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന് എംപിയുടെ നിര്‍ദേശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൊന്നുരുന്നിയുടെ അതിര്‍ത്തി ഭാഗത്തായിരിക്കും ടെര്‍മിനല്‍ നിര്‍മിക്കുക. റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു മുകള്‍ ഭാഗത്ത് നിന്നും സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ പ്രവേശന കവാടം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 270 കോടി ചെലവിലാണ് പുതിയ ടെര്‍മിനല്‍. ആറു പ്ലാറ്റുഫോമുകളും ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള മൂന്ന് പിറ്റ് ലൈനുകളും ട്രെയിന്‍ നിര്‍ത്തിയിടാന്‍ വേണ്ട സ്റ്റേബ്ളിംഗ് ലൈനുകളും അനുബന്ധ സൗകര്യങ്ങളും നിലവിലുള്ള രൂപരേഖയിലുണ്ട്. റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചാലുടന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നുരുന്നി ടെര്‍മിനലിന് എറണാകുളം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എന്ന് നാമകരണം ചെയ്യണമെന്നും മന്ദഗതിയിലായ എറണാകുളം ജംഗ്ഷന് സ്റ്റേഷന് പുനര്‍വികസന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇവിടെ അനുവദിക്കപ്പെട്ട പാസഞ്ചര്‍ ഹോള്‍ഡിംഗ് ഏരിയ അടിയന്തരമായി നിര്‍മിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
എറണാകുളം ടൗണ്‍ സ്റ്റേഷന്റെ രണ്ടാം കവാടം വികസിപ്പിക്കണം. ഇഴഞ്ഞുനീങ്ങുന്ന സ്റ്റേഷന് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ പുനഃപരിശോധിക്കുകയോ ആവശ്യമെങ്കില്‍ റീടെന്‍ഡര്‍ ചെയ്യുകയോ വേണം. പണികള്‍ 2028 ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് ജനറല്‍ മാനേജര്‍ മറുപടി നല്കി.
എറണാകുളം ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിലെ തിരക്ക് കണക്കിലെടുത്ത് നിലവിലുള്ള എട്ട് കോച്ചുകള്‍ എന്നത് 20 കോച്ചുകളായി വര്‍ധിപ്പിക്കണമെന്നും എറണാകുളം തിരുവനന്തപുരം റൂട്ടില്‍ പുതിയ വന്ദേഭാരത് സര്‍വീസിന്റെ സാധ്യത പരിശോധിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.