മഴക്കാലം വരവായി. മഴയുടെ ആരംഭത്തിൽ പല മേഖലകളിലും മലിനീകരണം നല്ലതുപോലെ വർധിക്കും. ജലജന്യ രോഗങ്ങളും കൊതുകു പരത്തുന്ന രോഗങ്ങളുമൊക്കെ വർധിക്കും. ജലജന്യ രോഗങ്ങളിൽ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവ വ്യാപകമാകാം. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം തുടങ്ങിയവയാണ് കൊതുകു പരത്തുന്ന രോഗങ്ങൾ. മറ്റു മഴക്കാല രോഗങ്ങളായ എലിപ്പനി, പക്ഷിപ്പനി തുടങ്ങിയവയും ഉണ്ടാകും.
ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ രോഗങ്ങൾ നിയന്ത്രിക്കാൻ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്. മഴയ്ക്കുമുന്പേ ഓടകളും ഡ്രെയ്നേജുകളും വൃത്തിയാക്കി അടിഞ്ഞുചേർന്ന എല്ലാ വസ്തുക്കളും മാറ്റി വെള്ളമൊഴുകാൻ സൗകര്യം ചെയ്യണം എന്നത് മഴക്കാലപൂർവ നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
മഴയുടെ ആരംഭകാലം പ്രകൃതിയുടെ ശുചീകരണകാലമാണ് എന്നു പറയാം. വേനൽക്കാലത്ത് ഭൂമിയുടെ പ്രതലത്തിലുണ്ടായ മാലിന്യങ്ങൾ മഴവെള്ളത്തിൽ ഒഴുകിപ്പോകുന്നു. ആ വെള്ളം മാലിന്യം കലർന്നതായിരിക്കും. ഇത് നമ്മുടെ ജലസ്രോതസുകളിലൊന്നും കയറാതെ ഒഴുകിപ്പോകുന്നതായിരിക്കും നല്ലത്.
പുതുമഴവെള്ളം സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ എന്നാണ് ഉദ്ദേശിക്കുന്നത്. പ്രധാനമായും മഴയുടെ ആരംഭകാലത്ത് ശുദ്ധജല ലഭ്യതയുടെ കാര്യത്തിൽ കൂടുതൽ ശദ്ധിക്കേണ്ട ചില സംഗതികളാണ് താഴെപ്പറയുന്നത്. അത്തരത്തിലുളള സംവിധാനങ്ങൾ നമുക്ക് അനിവാര്യമാണ്.
1. ജലസ്രോതസുകളുടെ സംരക്ഷണം
2. കൊതുകുവളർച്ച തടയൽ
3. വ്യക്തിശുചിത്വവും പരിസര ശുചിത്വവും
4. അണുനശീകരണം (ക്ലോറിനേഷൻ)
ജലസ്രോതസുകളുടെ സംരക്ഷണം
ജലസ്രോതസുകൾ എന്നു പറയുന്പോൾ കിണറുകൾ, പുഴകൾ തുടങ്ങി മനുഷ്യനു നിത്യവും ആവശ്യമുള്ളവയാണ് ഉദ്ദേശിക്കുന്നത്. മഴക്കാലം എങ്ങിനെയാണ് ഇവയിലെ ജലഗുണനിലവാരത്തെ ബാധിക്കുന്നത് എന്നതാണ് ഇവിടെ പ്രതിപാദിക്കുന്ന വിഷയം.
കേരളീയരുടെ ജീവിതത്തിൽ കിണറുകൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. എന്നാൽ മഴക്കാലം എത്തുന്നതോടെ കിണർവെള്ളത്തിന്റെ ഗുണനിലവാരം കുറയുകയും മലിനീകരണ ഭീഷണി നേരിടുകയും ചെയ്യും.
കിണർ മലിനീകരണം
കിണറുകൾ നിർമിക്കുന്പോൾ അതിന്റെ സുരക്ഷിതത്വത്തിനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. യഥാരീതിയിൽ നിർമിച്ച കിണറുകൾ പൊതുവെ മഴക്കാലത്തും ഒരു പരിധിവരെ സുരക്ഷിതമായിരിക്കും. അല്ലാത്ത കിണറുകളിൽ താഴെപ്പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം.
● ശക്തമായ മഴയിൽ സമീപത്തെ കുളങ്ങൾ, തോടുകൾ, അഴക്കുചാലുകൾ എന്നിവയിലെ മലിനജലം കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നു.
● ശരിയായി നിർമിക്കാത്ത സെപ്റ്റിക് ടാങ്കുകൾ, കക്കൂസ് കുഴികൾ എന്നിവയിൽനിന്നുള്ള മാലിന്യങ്ങൾ ഭൂഗർഭജലവുമായി കലർന്ന് കിണറ്റിലെത്തുന്നത് വലിയ ഭീഷണിയാണ്.
● വീട്ടുപറന്പുകളിലും പൊതുസ്ഥലങ്ങളിലും അശാസ്ത്രീയമായി നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ മഴവെള്ളത്തോടൊപ്പം കിണറ്റിലെത്തുന്നു.
● മഴക്കാലത്ത് കിണറുകളിൽ ഇഴജന്തുക്കളോ പ്രാണികളോ വീണു ചാകുന്നു.
കിണർ നിർമാണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെപ്പറയുന്നു.
● കിണർ പരിസരം വൃത്തിയുള്ളതായിരിക്കണം.
● മലിനസ്രോതസുകൾ അടുത്തുണ്ടാകരുത്.
● ഉപയോഗിക്കാത്ത കിണറുകൾ മൂടുക.
● കിണർ കുഴിയിലാകരുത്. നല്ല ഡ്രെയ്നേജ് സൗകര്യം ഉണ്ടായിരിക്കണം.
● കിണറിനു ചുറ്റും ഒരു മീറ്റർ വീതിയുള്ള പാതയും ആൾമറയും ഉണ്ടായിരിക്കണം.
● ശക്തി കുറഞ്ഞ പന്പുകൾ ഉപയോഗിച്ച് ഉപരിതലത്തിൽനിന്നുള്ള വെള്ളം പന്പ് ചെയ്യുക.
● തൊട്ടിയും കയറും കിണർ മലിനീകരണത്തിന് കാരണമാകും എന്നതിനാൽ അത് വേണ്ടന്നു വയ്ക്കുക.
● ഭൂനിരപ്പിൽനിന്നു കുറച്ച് ആഴത്തിൽ കിണർ ഭിത്തിയും പാതയും വെള്ളം കടക്കാതെയിരിക്കണം.
● വീട്ടിലെ കക്കൂസ് മാലിന്യം, മലിനജലം എന്നിവ സംസ്കരിക്കാൻ അനുയോജ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
● ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുക.
പുഴമലിനീകരണവും നിയന്ത്രണ മാർഗങ്ങളും
കിണറിന്റെ കാര്യത്തിലെന്നതുപോലെ പുഴകളുടെ മലിനീകരണവും സാധാരണമാണ്. പുഴകളും മഴയുടെ ആരംഭകാലത്ത് ഉപയോഗിക്കുന്നത് അപകടമുള്ള കാര്യമാണ്. അതിനും സെൽഫ് ക്ലീനിംഗ് കാലാവധി ബാധകമാണ്. വേനൽക്കാലത്തെ മാലിന്യങ്ങൾ ഒഴുകിപ്പോകുന്നതിനുള്ള സമയം കൊടുക്കുക. അതിനുശേഷം മാത്രം കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുക.
പുഴകളുടെ ശോഷണം - പ്രധാന കാരണങ്ങൾ
പുഴകളുടെ സുരക്ഷിതത്വത്തിന് വിപരീതമായിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്. അങ്ങനെയുള്ള പ്രവൃത്തികൾ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏറ്റവും അത്യാവശ്യമാണ്.
പുഴകളിലേക്ക് തീരങ്ങളിൽനിന്നുള്ള ആളുകളുടെ കൈയേറ്റം. തീരങ്ങളിലുള്ള ഫാക്ടറികൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും മതിയായ ശുദ്ധീകരണമില്ലാതെ പുഴയിലേക്കു തള്ളിവിടുന്ന ദ്രവ-ഖര മാലിന്യങ്ങൾ. തീരത്തുള്ള പട്ടണങ്ങളിൽനിന്നു പുഴയിലേക്കു തള്ളിവിടുന്ന ഖര-ദ്രവ മാലിന്യങ്ങൾ.തീരത്ത് താമസിക്കുന്ന ജനങ്ങൾ തള്ളിവിടുന്ന വിവിധ വസ്തുക്കൾ. പുഴയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പോലെയുള്ള മാലിന്യങ്ങൾ. പുഴകളിലേക്ക് നിയമവിരുദ്ധമായി തള്ളിവിടുന്ന കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മലിനവസ്തുക്കൾ. പുഴയോരത്തു താമസിക്കുന്ന ആളുകൾ പന്പുസെറ്റുകൾ ഉപയോഗിച്ച് അമിതമായി ജലം പുഴയിൽനിന്ന് വലിച്ചെടുക്കുന്നത്.
കൊതുകുവളർച്ച തടയൽ
നേരത്തേ സൂചിപ്പിച്ചതുപോലെ കൊതുകുകൾ മഴക്കാലത്ത് ശക്തമായി വളരും. കൊതുകിനെ നിയന്ത്രിക്കുക എന്നതും ഇക്കാലത്തെ പ്രാധാന്യമേറിയ കാര്യമാണ്. ധാരാളം കൊതുകുനിവാരണമാർഗങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനം വെള്ളം കെട്ടിനിൽക്കുന്നത് തടയുകയെന്നത് തന്നെയാണ്. അങ്ങനെയുള്ള ചില പ്രധാന കാര്യങ്ങൾ താഴെപ്പറയുന്നു.
● വീടിനു ചുറ്റും ചിരട്ടകൾ, ടയറുകൾ, ഒഴിഞ്ഞ പാത്രങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
● സെപ്റ്റിക് ടാങ്കുകളും വാട്ടർ ടാങ്കുകളും കൊതുക് കടക്കാത്ത രീതിയിൽ അടച്ചു സൂക്ഷിക്കുക.
● മലിനജലം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ വേപ്പെണ്ണയോ മണ്ണെണ്ണയോ തളിക്കുന്നത് ലാർവകളെ നശിപ്പിക്കാൻ സഹായിക്കും.
● കൊതുകുവല ഉപയോഗിക്കുന്നത് കൊതുകുകടിയിൽനിന്ന് പൂർണ സംരക്ഷണം നൽകുന്നു. ജനലുകളിലും വാതിലുകളിലും കന്പിവല അടിക്കുക.
● കുട്ടികൾ വൈകുന്നേരങ്ങളിൽ കൈകാലുകൾ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും
ദിവസവും കുളിക്കുക, സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുക, വായും പല്ലും വൃത്തിയാക്കുക, നഖം വെട്ടുക, വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക എന്നിവ വ്യക്തിശുചിത്വം പാലിക്കുന്നതിന്റെ ഭാഗമാണ്. ഈ ശീലങ്ങൾ അണുബാധകൾ അകറ്റാനും ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുന്നു. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുന്നതിനെയാണ് പരിസര ശുചിത്വം എന്നു പറയുന്നത്. ഇത് പകർച്ചവ്യാധികൾ തടയുന്നതിനും ആരോഗ്യകരമായ ജീവിതത്തിനും അത്യാവശ്യമാണ്. ഫലപ്രദമായ മാലിന്യ നിർമാർജനം സുരക്ഷിതമായ കുടിവെള്ളം, ശുചിമുറി ഉപയോഗം, വീടും പരിസരവും അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.