തൊടുപുഴ: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ പരക്കെ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോ റേഞ്ചില്‍ മാത്രമാണ് മഴ പെയ്തിരുന്നതെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ഹൈറേഞ്ചിലും ശക്തമായ മഴയാണ് പെയ്യുന്നത്.
ഇന്നു മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ജില്ലയില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമൊണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇതോടെ മലയോര ജില്ലയായ ഇടുക്കിയില്‍ വര്‍ഷകാലത്ത് പതിവായി ഉണ്ടാകാറുള്ള ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ പോലെയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിത്തുടങ്ങി.
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. പുഴയോരം, അണക്കെട്ടുകളുടെ താഴ്വാരങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുവരും അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് മാറിത്താമസിക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും ക്യാമ്പുകളിലേയ്ക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ക്കണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും അപകടങ്ങള്‍ സംഭവിക്കാനുള്ള സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നതു വരെ മാറ്റി വയ്ക്കണം.
ജലാശയങ്ങളോടുചേര്ന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ശ്രദ്ധ വേണം. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ സ്വീകരിക്കണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ മുറിച്ചുനീക്കുകയും ചെയ്യണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം.
ദുരന്ത സാധ്യതാ മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കിവയ്ക്കണം. അപകടസാധ്യത മുന്നില്‍ക്കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.