ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ എഡ്വിൻ ലൂട്ടിയൻസിന്റെ പ്രതിമ മാറ്റി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിലൂടെ' പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് വാസ്തുശില്പിയായ എഡ്വിൻ ലൂട്ടിയൻസിന്റെ പ്രതിമ മാറ്റാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിൽ ഇന്ന് 'രാജാജി ഉത്സവം' സംഘടിപ്പിച്ചു. ഈ ചടങ്ങിൽ സി. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ഭവന്റെ സെൻട്രൽ കോർട്ട് യാർഡിൽ അനാച്ഛാദനം ചെയ്തു.
രാജാജിയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്ന് വരെ രാഷ്ട്രപതി ഭവനിൽ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. ലൂട്ടിയൻസ് ഡൽഹി എന്നറിയപ്പെടുന്ന ഭാഗത്തെ രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ് തുടങ്ങിയ പ്രശസ്തമായ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തത് എഡ്വിൻ ലൂട്ടിയൻസ് ആയിരുന്നു. അദ്ദേഹത്തിന് പകരം ഇന്ത്യയുടെ സ്വന്തം നേതാവിന് അവിടെ ഇടം നൽകുന്നത് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.