കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ - ഫാന്റസി ചിത്രം രാജാസാബ് തിയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അദ്ഭുതം നിറയ്ക്കുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ ആദ്യ ഗാനം. അതിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്തിരിക്കുകയാണു പ്രഭാസ്. ജനുവരി ഒന്പതിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
തമൻ എസ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന റിബൽ സാബ് ഗാനം അത്യന്തം ത്രസിപ്പിക്കുന്നതും കളർഫുളുമാണ്. നിർമൽ എം.ആർ ആണ് ആവേശം കൊള്ളിക്കുന്ന വരികൾ എഴുതിയിരിക്കുന്നത്. നസീറുദ്ദീൻ, ബ്ലേസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എഡിക്കു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്വറൽ ദൃശ്യവിരുന്ന് തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പ്രഭാസിനു പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിന്റേത്.
വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. ഛായാഗ്രഹണം- കാർത്തിക് പളനി, ചിത്രസംയോജനം- കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി- രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്- ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ- രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- എസ്എൻകെ, പിആർഒ- ആതിര ദിൽജിത്ത്.