ന്യൂഡൽഹി: ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഏകദിന ഫോർമാറ്റിൽ തത്കാലം തന്നെ പരിഗണിക്കരുതെന്ന് ബിസിസിഐയോട് അഭ്യർഥിച്ച് രജത് പാട്ടിദാർ. നിലവിലെ പരിക്കുകളിൽ നിന്ന് പൂർണമായി മുക്തനാകുന്നതിനായി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാനും താരം തീരുമാനിച്ചു. ഇതോടെ ഖത്തറിൽ നടക്കുന്ന ഏഷ്യാകപ്പ് ഇന്ത്യ എ ടീമിൽ നിന്നും പാട്ടിദാറിനെ ഒഴിവാക്കി.
പാട്ടിദാറിന് പകരം യുവതാരം ആയുഷ് ബദോനിയെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. തിലക് വർമ്മയാണ് ടീമിനെ നയിക്കുന്നത്. നവംബർ 19 മുതൽ 29 വരെയാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുന്നത്. സമീപകാലത്ത് തുടർച്ചയായ പരിക്കുകളാണ് പാട്ടിദാറിന്റെ കരിയറിന് വെല്ലുവിളിയാകുന്നത്. 2025 ഒക്ടോബറിലെ ആഭ്യന്തര സീസണിനിടെ താരത്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.
തുടർന്ന് ഐപിഎൽ മത്സരത്തിനിടെ വിരലിനും പരിക്കേറ്റു. ഈ പരിക്കുകൾ പൂർണമായി ഭേദമാകാത്ത സാഹചര്യത്തിലാണ് കളിയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം. പരിക്കുകളിൽ നിന്ന് പൂർണമായി മുക്തനായി മത്സരരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരത്തിന്റെ ലക്ഷ്യം.