അഹമ്മദാബാദിലെ നിർമ്മ യൂണിവേഴ്സിറ്റിയിൽ നടന്ന ആഘോഷപരിപാടിക്കിടെ അധ്യാപകൻ വിദ്യാർഥിയുടെ കോളറിൽ കയറിപ്പിടിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
കോളേജിലെ ടെക്നോഫോറ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്. പ്രമുഖ ബോളിവുഡ് ചിത്രമായ ഗോൾമാൽ 3-യിലെ ഒരു ഹിറ്റ് തമാശ ഡയലോഗ് സദസിൽ നിന്നും ഉയർന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.
വേദിയിൽ നിന്ന് സംസാരിക്കുകയായിരുന്ന ഇലക്ട്രിക്കൽ ആന്റ് ഇൻസ്ട്രുമെന്റേഷൻ വിഭാഗം മേധാവിയോട്, കാര്യങ്ങൾ വേഗത്തിൽ പറഞ്ഞുതീർക്കാൻ ആവശ്യപ്പെടുന്ന തരത്തിൽ വിദ്യാർഥി തമാശയായി സംസാരിക്കുകയായിരുന്നു.
എന്നാൽ ഇതിൽ പ്രകോപിതനായ അധ്യാപകൻ വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തുകയും കോളറിന് പിടിച്ച് പരസ്യമായി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സർവകലാശാലയിലെ അധ്യാപകരെ അപമാനിക്കാൻ ശ്രമിച്ചാൽ ഏത് അറ്റം വരെയും പോകുമെന്നും ഭാവി നശിപ്പിക്കുമെന്നും അധ്യാപകൻ മുന്നറിയിപ്പ് നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
അധ്യാപകന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമാണെന്നും വിദ്യാർഥിക്കെതിരെ കടുത്ത കൈയേറ്റമാണ് നടന്നതെന്നും ഒരു വിഭാഗം ആരോപിക്കുമ്പോൾ, അധ്യാപകരോട് അനാദരവ് കാണിച്ച വിദ്യാർഥിക്കാണ് തെറ്റുപറ്റിയതെന്നാണ് മറ്റുള്ളവരുടെ നിലപാട്.
ഇതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട അധ്യാപകൻ പരസ്യമായി മാപ്പുപറയണമെന്നും വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ഡിമാൻഡുകൾ അംഗീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിന് തിരി കൊളുത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. എന്നാൽ ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സർവകലാശാല അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.