പാമ്പാടി: കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സംഘർഷം. ഫലപ്രഖ്യാപനത്തിന് പിന്നാലെ എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർ പ്രകടനത്തിനായി കോളജിന് പുറത്തെത്തിയപ്പോഴാണ് സംഘർഷം ആരംഭിച്ചത്.
സംഘർഷത്തിനിടയിൽ അമൽ ഷാദിൻ, ജമ്മു സ്വദേശിയായ ലക്ഷ് മഹാജൻ എന്നീ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ അമലിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5.30ഓടെ ആരംഭിച്ച സംഘർഷം രാത്രി 10.30ഓടെയാണ് നിയന്ത്രണവിധേയമായത്. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
വിവരമറിഞ്ഞ് സിപിഎം, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജേക്കബിന്റെ നേതൃത്വത്തിൽ ഇരുവിഭാഗം നേതാക്കളുമായി ചർച്ചകൾ നടത്തി.