കൊച്ചി: ഗുജറാത്തിന്റെ പ്രേഷിതഭൂമിയില്‍ സ്നേഹത്തിന്റെയും സേവനത്തിന്റെയും മുദ്രകള്‍ പതിപ്പിച്ച് നടന്നുനീങ്ങിയ ഇടയനായിരുന്നു ഇന്നലെ അന്തരിച്ച ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെന്പ്രേല്. ദീപിക ദിനപത്രത്തിന്റെ വളര്‍ച്ചയില്‍ അതീവ തത്പരനായിരുന്നു. വിവിധ ഘട്ടങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തിയിരുന്ന അദ്ദേഹം 1978-81, 1981-83 കാലഘട്ടങ്ങളില്‍ സിഎംഐ കൊച്ചി പ്രൊവിന്‍ഷ്യലായിരുന്നു.
1983 ഏപ്രില്‍ 24ന് രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയോഗമേറ്റതുമുതല് മാര്‍ ഗ്രിഗറി കരോട്ടെന്പ്രേൽ എല്ലാവിഭാഗം ജനങ്ങളുമായി അടുത്ത സൗഹൃദവും സ്നേഹവും പുലര്‍ത്തി. 2001 ജനുവരി 26ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ തകര്‍ന്ന നൂറുകണക്കിന് ഗ്രാമങ്ങളെയും മനുഷ്യരെയും സാധാരണ ജീവിതത്തിലേക്കെത്തിക്കുന്നതില് അദ്ദേഹം വലിയ പങ്ക് വഹിച്ചു.
ഭൂകമ്പത്തില്‍ ഇരകളായവര്‍ക്ക് രൂപതയുടെ നേതൃത്വത്തിലുള്ള അതിജീവനപ്രവര്ത്തനങ്ങള്ക്കു മാതൃകാപരമായ നേതൃത്വം നല്കി. വിവിധ ദുരിതാശ്വാസക്യാമ്പുകള്‍ വഴി 657 ഗ്രാമങ്ങളില്‍ രൂപതയുടെ സേവനമെത്തിച്ചു. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് സേവനങ്ങള്‍ വിലയിരുത്തി. രൂപതയില്‍ നിരവധി സ്കൂളുകളും ക്രൈസ്റ്റ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ സേവനസ്ഥാപനങ്ങളും തുടങ്ങി. രാജ്കോട്ടിലെ പ്രേം മന്ദിര്‍ കത്തീഡ്രല്‍ അദ്ദേഹത്തിന്റെ സ്വപ്നസാഫല്യമായിരുന്നു.
പാവങ്ങള്‍ക്കിടയിലുള്ള സേവനത്തിനായി ദേവ് പ്രിയ, സെന്റ് അല്‍ഫോന്‍സ എന്നീ സന്യാസിനീസമൂഹങ്ങള്‍ സ്ഥാപിച്ചു. ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായി മീല്‍സ് ഓണ്‍ വീല്‍സ് എന്ന പദ്ധതിയും ശ്രദ്ധേയമാണ്. കളമശേരിയില്‍ അദ്ദേഹം തുടക്കമിട്ട ഹ്യൂമന്‍ വെല്‍ഫെയര്‍ സെന്റര്‍ എന്ന ചാരിറ്റിസംഘടന ഇന്നും അനേകര്‍ക്ക് കാരുണ്യം പങ്കുവയ്ക്കുന്നു.
സീറോമലബാര്‍ സഭയുടെ മൈഗ്രന്റ് കമ്മീഷന് ചെയര്‍മാനായി സേവനം ചെയ്തിട്ടുണ്ട്. ദൈവശാസ്ത്ര പണ്ഡിതനായിരുന്ന ബിഷപ് ഗ്രിഗറി അമ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്. സലേഷ്യന്‍ സഭാംഗവും പ്രശസ്ത ദൈവശാസ്ത്രജ് നുമായിരുന്ന അന്തരിച്ച ഫാ. ഡോ. സെബാസ്റ്റ്യന്‍ കരോട്ടെന്പ്രേല്, സിസ്റ്റര്‍ മരിയ, തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.
ചെറുപ്പത്തില്‍ പേപ്പച്ചന്‍ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ച ബിഷപ് ഗ്രിഗറി പാലാ ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായാണു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തേവര എസ്എച്ചില്‍ ഇന്റര്‍മീഡിയറ്റ് പഠനം. തുടര്‍ന്ന് വൈദിക പരിശീലനത്തിലേക്ക്. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ കാഴ്ചസംബന്ധമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നെങ്കിലും സഭയിലും സമൂഹത്തിലും ക്രിസ്തുദര്‍ശനത്തിന്റെ പുതിയ പ്രകാശധാരകള്‍ പരത്തിയാണ് അദ്ദേഹം യാത്രയാകുന്നത്.