കായംകുളം: ആയിരങ്ങൾ വാടകയും ലക്ഷങ്ങൾ അഡ്വാൻസും നൽകി നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ മാർഗതടസമുണ്ടാക്കി വഴിയോരവാണിഭം നടത്തിവരുന്ന പ്രവണത അനുവദിക്കാൻ കഴിയില്ലന്നും ശക്തമായ നടപടി വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
സംഘടനാ ബലത്തിൽ റോഡിൽ വാരിവലിച്ചിട്ട് വ്യാപാരം ചെയ്ത് മിടുക്കരായി പോകുന്ന വഴിയോരക്കച്ചവടക്കാർ സ്ഥിരം കച്ചവടക്കാരെ കുത്തുപാളയെടുപ്പിക്കുകയാണ്. ഈ പ്രവണത യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഭാരവാഹികളായി എ.ബി.എസ് ഷിബു-പ്രസിഡന്റ്, പി. സോമരാജൻ-ജനറൽ സെക്രട്ടറി, എം. ജോസഫ്-ട്രഷറർ, എ.എം. ഷെരീഫ്-രക്ഷാധികാരി, വി.കെ. മധു, അബുജനത, സലീം അപ്സര, ശശി പൗർണമി, സജു മറിയം, വിഷ്ണു വിജയൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എസ്.കെ. സുബൈർ, പ്രവീൺകുമാർ, ആരിഫ് അനു, നാഗൻ രാജാസ്, ദേവസി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി എസ്.കെ. നസീർ, പ്രദീപ് കുമാർ സ്വപ്ന, ഷമീം ചീരാമത്ത് എന്നിവരെയും തെരഞ്ഞെടുത്തു.