അപരിചിതത്വത്തിന്റെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ ഒരു രക്ഷാബന്ധൻ ഓർമ്മ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ആകാംക്ഷ സിംഗ് പങ്കുവെച്ച വീഡിയോയിലാണ് വീട്ടുപടിക്കൽ വെച്ച് നടന്ന തികച്ചും അപ്രതീക്ഷിതവും വൈകാരികവുമായ ഈ സംഭവം ദൃശ്യമാകുന്നത്.
തനിക്ക് സാധനങ്ങൾ എത്തിച്ചു നൽകാനായെത്തിയ ഡെലിവറി ഏജന്റിനാണ് ആകാംക്ഷ സ്നേഹത്തോടെ കൈയ്യിൽ രാഖി കെട്ടിക്കൊടുത്തത്. കേവലം ഒരു ഡെലിവറി നൽകി മടങ്ങുന്നതിന് പകരം, ഏറെ സന്തോഷത്തോടെ യുവാവ് ഇതിന് പങ്കാളിയാവുകയായിരുന്നു.
രാഖി കെട്ടിയ ശേഷം പരസ്പരം കാൽതൊട്ട് വന്ദിച്ച് ബഹുമാനം പ്രകടിപ്പിച്ച ഇരുവരുടെയും നിമിഷങ്ങൾ കണ്ടുനിന്നവരുടെ മനസ് നിറച്ചു. തുടർന്നാണ് സംഭവത്തിന് കൂടുതൽ മാറ്റുകൂട്ടിയ മനോഹരമായ നിമിഷമുണ്ടായത്.
രാഖി കെട്ടിയതിന് പകരമായി തന്റെ പക്കലുണ്ടായിരുന്ന 50 രൂപയുടെ നോട്ട് യുവാവ് ആകാംക്ഷയ്ക്ക് സമ്മാനമായി നീട്ടി. തനിക്ക് ഈ പണം വേണ്ടെന്ന് പറഞ്ഞ് ആകാംക്ഷ അത് സ്നേഹപൂർവ്വം നിരസിക്കാൻ ശ്രമിച്ചെങ്കിലും, "ഇപ്പോൾ നീ എന്റെ സഹോദരിയല്ലേ" എന്ന് ചോദിച്ചുകൊണ്ട് യുവാവ് അത് വാങ്ങാൻ നിർബന്ധിക്കുകയായിരുന്നു.
പണത്തിന്റെ മൂല്യത്തേക്കാൾ ആ പ്രവൃത്തിക്ക് പിന്നിലെ സ്നേഹമാണ് തനിക്ക് വലുതെന്നും, ഈ ഓർമ്മ താൻ എന്നും സൂക്ഷിച്ചുവെക്കുമെന്നും ആകാംക്ഷ വ്യക്തമാക്കുന്നു. ചുരുങ്ങിയ സമയത്തിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
ഒരു ഡെലിവറി ഏജന്റിനെ സംബന്ധിച്ച് 50 രൂപ എന്നത് നിസാര തുകയല്ലെന്നും, അത് നൽകുമ്പോൾ ആ യുവാവിന്റെ മുഖത്തുണ്ടായിരുന്ന പ്രസന്നമായ പുഞ്ചിരിയാണ് ഈ നിമിഷത്തെ ഇത്രമേൽ മനോഹരമാക്കിയതെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
മനുഷ്യബന്ധങ്ങളുടെയും സഹോദരസ്നേഹത്തിന്റെയും മാറ്റ് കൂട്ടുന്നതാണ് ഈ കാഴ്ചയെന്നാണ് സോഷ്യൽ മീഡിയയുടെ കൂട്ടായ്മ ഒന്നടങ്കം പറയുന്നത്.