സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്ന ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ വരുംതലമുറയ്ക്ക് ഭയരഹിതമായ ഭാവി ഉറപ്പാക്കാൻ സുപ്രധാന നീക്കവുമായി സിആർപിഎഫ്. ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രാവുല ശ്രീനിവാസ് എന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. സുക്മയിലെ ഗോഗുണ്ട ഗ്രാമത്തിൽ ഇന്നായിരുന്നു സൈനിക നടപടി.
74-ാം ബറ്റാലിയൻ സിആർപിഎഫ് സംയുക്ത ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റ് നേതാവിന്റെ സ്മാരകം തകർത്തതെന്ന് അസിസ്റ്റന്റ് കമാൻഡന്റ് വിദേഖോ കിയെ പറഞ്ഞു.
ഗോഗുണ്ട മേഖല ദീർഘകാലമായി മാവോയിസ്റ്റുകളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. എന്നാൽ 2025 നവംബർ 20ന് സിആർപിഎഫ് ഇവിടെ ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിച്ചതോടെ മേഖലയിൽ സൈന്യത്തിന് മേൽക്കൈ ലഭിച്ചു. പ്രദേശത്ത് വൈദ്യുതി, കുടിവെള്ളം എന്നിവ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഹെലിപ്പാഡ്, സ്കൂൾ കെട്ടിടം എന്നിവയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്.
രാജ്യത്തുനിന്ന് ഇടത് തീവ്രവാദം പൂർണമായും തുടച്ചുനീക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. 76 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ മാവോയിസ്റ്റ് ഭീകരനാണ് രമണ്ണ.