കൽപ്പറ്റ: വയനാട് മാനന്തവാടി കമ്മനയിലെ ചെറുവയൽ വീട്ടിൽ ഇനി പദ്മശ്രീ പുരസ്കാര ജേതാവായ രാമേട്ടന്റെ ശബ്ദം ഉയരില്ല. പാരമ്പര്യമായി കൈമാറിക്കിട്ടിയ വീട് രാമേട്ടന് കേവലമൊരു താമസസ്ഥലമായിരുന്നില്ല. മറിച്ച് ജീവനുള്ള പൈതൃകസ്മാരകമാണ്.
വംശനാശം സംഭവിക്കുമായിരുന്ന അറുപതോളം നെൽവിത്തുകളുടെ സംരക്ഷണകേന്ദ്രം കൂടിയായിരുന്നു ഈ വീട്. നൂറ്റമ്പതിലധികം വർഷത്തെ പഴക്കമുണ്ട് കുറിച്യസമുദായക്കാരനായ രാമേട്ടന്റെ ഈ തറവാട്ടു വീടിന്. മണ്ണുകൊണ്ടു നിർമിച്ച കട്ടിയുള്ള ചുവരുകളും മുള ഉപയോഗിച്ച് നിർമിച്ച് വൈക്കോൽ മേഞ്ഞ മേൽക്കൂരയുമാണ് ഈ വീടിന്റെ പ്രത്യേകത.
ആധുനിക കോണ്ക്രീറ്റ് നിർമിതികൾ നാടെങ്ങും ഉയർന്നപ്പോഴും ഈ വീടിന്റെ തനിമ ഒട്ടും ചോരാതെ രാമൻ കാത്തുസൂക്ഷിച്ചു. വേനലിൽ കുളിർമയും തണുപ്പുകാലത്ത് ഊഷ്മളതയും നൽകുന്ന പരിസ്ഥിതി സൗഹൃദ നിർമാണരീതിയാണിതിന്.
തലമുറകളായി കൈമാറിവന്ന നാടൻ അറിവുകളുടെയും കുറിച്ച്യ ജീവിതരീതികളുടെയും ഈറ്റില്ലവുമാണ് ഈ വീട്. അപൂർവയിനം നാടൻ വിത്തുകൾ വൈക്കോൽ സംഭരണിയിലും മണ്പാത്രങ്ങളിലുമായി രാമേട്ടൻ സംരക്ഷിച്ചുപോന്നിരുന്നത് ഈ തറവാട്ടിലാണ്.
വർഷാവർഷം മേൽക്കൂരയിലെ പഴയ വൈക്കോൽ മാറ്റി പുതിയവ മേഞ്ഞും മണ്ചുവരുകൾ കൃത്യമായി പരിപാലിച്ചും രാമേട്ടനും കുടുംബവും ഈ വീട് സൂക്ഷിച്ചുപോന്നു.
പ്രകൃതിയോട് ഇണങ്ങി എങ്ങനെ ജീവിക്കാം എന്നതിന് ഉത്തമ ഉദാഹരണമായി ചെറുവയൽ രാമേട്ടന്റെ വീട് അദ്ദേഹമില്ലാതെ സ്മാരകമായി തലയുയർത്തി നിൽക്കുന്നു.