ജാർഖണ്ഡിലെ റാഞ്ചി-ടാറ്റാ ദേശീയപാതയിൽ ദശാം ഫാൾസിന് സമീപം യാത്രാസംഘത്തിന് നേരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. ജംഷഡ്പൂരിൽ നിന്നും ഹസാരിബാഗിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് സ്ത്രീകളും അവരുടെ ഡ്രൈവറുമാണ് അക്രമത്തിന് ഇരയായത്.
വഴിമധ്യേ തങ്ങളുടെ വാഹനത്തിൽ വന്നിടിച്ച സ്കോർപിയോ എസ്യുവിലെ യാത്രക്കാരാണ് സ്ത്രീകളോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്.
അപകടത്തെത്തുടർന്ന് ഉണ്ടായ തർക്കത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യാത്രാസംഘത്തെ അക്രമികൾ എസ്യുവിയുമായി കിലോമീറ്ററുകളോളം പിന്തുടർന്നു.
വഴിയിലുടനീളം ഭീതി വിതച്ച അക്രമികൾ ഒടുവിൽ കാർ തടഞ്ഞുനിർത്തി വാതിലുകൾ ബലമായി തുറക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ റോഡരികിൽ നിന്ന് കല്ലുകളെടുത്ത് കാറിന് നേരെ എറിയുകയായിരുന്നു. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്ന് ഡ്രൈവറിന് പരിക്കേറ്റു.
ഈ സമയമത്രയും സ്ത്രീകൾ കാറിനുള്ളിൽ വാതിലുകൾ പൂട്ടി ഭയത്തോടെ ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെയാണ് അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
അടിയന്തര സഹായത്തിനായി സ്ത്രീകൾ പോലീസിനെ വിളിച്ചെങ്കിലും പട്രോളിംഗ് സംഘം എത്താൻ വൈകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും അക്രമികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രാജ്കുമാർ മഹാതോ, ഷുഹൈബ് റാസ എന്നിവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വിനോദസഞ്ചാര മേഖലയിലെ ഹൈവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉയർത്തിയിട്ടുണ്ട്.