ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നു. ദുരന്തത്തിൽ എട്ട് മലയാളികൾ ഉൾപ്പെടെ 320 ഇന്ത്യക്കാരെയും നൂറോളം ഇന്ത്യൻ വംശജരെയും കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും, രക്ഷപ്പെടുത്തിയ 21 തമിഴ്നാട് സ്വദേശികളെ നാട്ടിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 400-ഓളം ഇന്ത്യക്കാർ സുരക്ഷിതരാണ്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. തടസപ്പെട്ട തുരങ്കങ്ങളിൽ പരിശോധന നടത്താൻ ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്.
ദുരന്തമുഖത്ത് പാലം നിർമാണത്തിനും എൻഡിആർഎഫ് സംഘത്തെ അയക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിൽ വിദേശ രാജ്യങ്ങളുടെ രക്ഷാസേനകളുടെ സഹായം വേണ്ടെന്ന നിലപാടിലാണ് നേപ്പാൾ സർക്കാർ. സ്വന്തം സൈന്യത്തിനും പോലീസിനും രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും എന്നാൽ ധനസഹായവും ദുരിതാശ്വാസ സാമഗ്രികളും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ വ്യക്തമാക്കി. അതിനിടെ, വീണ്ടും പ്രളയസാധ്യതയുള്ളതിനാൽ ത്രിശൂൽ മേഖലയിലും ചൈനീസ് നിയന്ത്രിത ടിബറ്റൻ അതിർത്തി മേഖലയിലും തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.