തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ റാണി, ചിത്തിര കായൽ പാടശേഖരങ്ങളിൽനിന്ന് ഒന്നിച്ചു സംഭരിച്ച 25,75,473 കിലോഗ്രാം നെല്ലിന് സംസ്ഥാന പ്രോത്സാഹന ബോണസായി (എസ്ഐബി) 1,62,51,235 രൂപ ആലപ്പുഴ ജില്ല കളക്ടറുടെ പേരിൽ അനുവദിക്കാൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകി.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തുക അടിയന്തരമായി അനുവദിച്ചത്. കേരളത്തിൽ നെല്ല് സംഭരിക്കുന്ന കർഷകർക്ക് കിലോയ്ക്ക് 6.31 രൂപയാണു എസ്ഐബി നൽകുന്നത്.
കേന്ദ്ര താങ്ങുവിലയ്ക്ക് പുറമേയാണ് ഈ തുക അനുവദിക്കുന്നത്. സംസ്ഥാനം നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ബോണസ് നൽകി കർഷകരെ ചേർത്തുപിടിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കൈനകരി കൃഷിഭവൻ പരിധിയിൽപ്പെടുന്ന റാണി (467 ഏക്കർ), ചിത്തിര (469 ഏക്കർ) കായൽ പാടശേഖരങ്ങളിലെ ഭൂവുടമകളിൽ ഭൂരിഭാഗവും സ്ഥലത്തില്ലാത്തതിനാലും നിയമപരമായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകൻ കളക്ടറുമായി കരാറിലേർപ്പെട്ട് ഒന്നിച്ചു കൃഷി ചെയ്യുന്നതിനാലും വ്യക്തിഗത കർഷകരുടെ വിഹിതം പ്രത്യേകം കണക്കാക്കാൻ കഴിയില്ലെന്നു കളക്ടർ അറിയിച്ചിരുന്നു.
പാടശേഖരങ്ങളിൽ ഭൂവുടമകൾക്ക് നേരിട്ട് കൃഷിയിറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നെൽകൃഷി പുനരുജ്ജീവനം പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും മേൽനോട്ടം വഹിക്കാൻ കളക്ടർ ചെയർമാനായി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്നതിനാൽ, അഞ്ച് ഏക്കറിന് അധികമായി കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങൾ നൽകാറുണ്ട്.
കളക്ടർ ചെയർമാനായുള്ള സമിതിയുടെ മേൽനോട്ടത്തിൽ കരാർ വ്യവസ്ഥയിലാണ് 2014 മുതൽ കൃഷി നടത്തുന്നത്. നെല്ല് സപ്ലൈകോ വഴി സംഭരിക്കുകയും ഓരോ ഭൂവുടമയുടെയും വിഹിതം പ്രത്യേകം കണക്കാക്കാൻ സാധിക്കാത്തതിനാൽ കളക്ടറുടെ പേരിൽ പിആർഎസ് എഴുതി തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുകയുമാണു ചെയ്യുന്നത്.