ന്യൂഡൽഹി: നീറ്റ് പിജി, നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി കൗൺസലിംഗ് നടപടികളിൽ നിലവിലുള്ള ശതമാനക്കണക്ക് രീതിക്കു പകരം റാങ്ക് അടിസ്ഥാനമാക്കിയുള്ള പുതിയ സമ്പ്രദായം കൊണ്ടുവരാൻ ദേശീയ മെഡിക്കൽ കമ്മിഷൻ തത്വത്തിൽ അനുമതി നൽകി.
സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 12 അംഗ വിദഗ്ധസമിതി ഇക്കാര്യം വ്യക്തമാക്കിയത്. ഇനിമുതൽ ഫലങ്ങളിൽ ശതമാന മാർക്കുകൾ നൽകില്ലെന്നും റാങ്കുകൾ മാത്രമായിരിക്കും പ്രഖ്യാപിക്കുകയെന്നും പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഈ രീതി നടപ്പാക്കിത്തുടങ്ങുമെന്നും സമിതി അറിയിച്ചു.
നീറ്റ് പിജി 2025ന്റെ യോഗ്യതാ കട്ട് ഓഫ് പെർസെന്റൈൽ കേന്ദ്രസർക്കാർ വൻതോതിൽ കുറച്ചതിനെ ചോദ്യംചെയ്തുകൊണ്ടുള്ള വിവിധ ഹർജികൾ സുപ്രീംകോടതി പരിശോധിച്ചുവരികയാണ് എൻഎംസി ഇക്കാര്യം അറിയിച്ചത്.