കോട്ടയം: ഒരേ സമയം അമ്മയുടെ ജീവനും കുഞ്ഞിന്റെയും സുരക്ഷയും ഉറപ്പാക്കി കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയം. ഹൃദയത്തിൽ ഗുരുതരമായ മുഴ ബാധിച്ച ജാർഖണ്ഡ് സ്വദേശിനിയായ മാങ്ക്രി ബോഡോയ്ക്ക് (28) വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയും, അതേ വേളയിൽ തന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.
കഴിഞ്ഞ 8-ാം തീയതിയായിരുന്നു സങ്കീർണമായ ഈ ഇരട്ട ശസ്ത്രക്രിയ നടന്നത്. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്നാറിൽ തേയിലത്തോട്ടം തൊഴിലാളികളായ മാങ്ക്രിയും ഭർത്താവ് സുക്രം മണ്ടൂരിനും മൂന്നര വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്.
സ്വകാര്യ ആശുപത്രികളിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വരെ ചെലവ് വരുന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളജിൽ തികച്ചും സൗജന്യമായി ചെയ്തത്. കാർഡിയോളജി, കാർഡിയാക് അനസ്തീസിയ, ഗൈനക്കോളജി, നിയോനേറ്റോളജി, പെർഫ്യൂഷൻ, തീവ്രപരിചരണ വിഭാഗം, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമവും കൃത്യമായ ഏകോപനവുമാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാർ, ഡോ. സി.എച്ച്.നിധീഷ്, ഡോ. ആന്റോ തോമസ്, എം.ജിഷാന്ത്, കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലെ ഡോ. മഞ്ജുഷ എൻ.പിള്ള, ഡോ. ആൽവി വിനോദ്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സോണിയ, ഡോ. ആശ, ഡോ. സ്നേഹ, ഡോ. ഭദ്ര, പെർഫ്യൂഷനിസ്റ്റുകളായ വിഷ്ണു, സിത്താര, ആനിമോൾ, അനസ്തീസിയ ടെക്നിഷ്യൻമാരായ രാഹുൽ, അഖിൽ, എ.ആർ.പ്രീതിയുടെ നേതൃത്വത്തിലുള്ള ഐസിയു ടീം തുടങ്ങിയവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.