ദമാം: ദമാം ദല്ലാമേഖലയിലെ സാമൂഹ്യപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കോതരിയ യുണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂരിന്റെ (48) അപ്രതീക്ഷിത മരണം ദമാമിലെ മലയാളി പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ റഷീദിനെ ആദ്യം ദാർഅൽസിഹ ആശുപതിയിലും പിന്നീട് സൗദി ജർമൻ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അവിടെ അഡ്മിറ്റ് ചെയ്തെങ്കിലും ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുകയായിരുന്നു.
എറണാകുളം പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൾ അസീസിന്റെയും നാച്ചി അസീസിന്റെയും മകനായ റഷീദ്, കഴിഞ്ഞ 22 വർഷത്തോളമായി പ്രവാസിയാണ്. ദമാം കൊദറിയയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന സ്ഥാപനത്തിലാണ് സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്.
നവയുഗം സാംസ്കാരികവേദിയുടെ ആദ്യകാലങ്ങൾ മുതൽ ദമാം കൊദറിയ യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി സജീവമായി നിലയുറപ്പിച്ച റഷീദ് ഒരു മികച്ച സംഘടകനായി ശ്രദ്ധേയനായിരുന്നു.
സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് അടക്കമുള്ള പല നവയുഗം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽ റഷീദ് ഉണ്ടായിരുന്നു.
നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായ, കൃത്യമായി വ്യായാമമൊക്കെ ചെയ്തിരുന്ന ആളായിരുന്നു റഷീദ് എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു വിടവാങ്ങൽ സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല.
സജിത ആണ് ഭാര്യ. നഴ്സിംഗ് വിദ്യാർഥി റസ്വിൻ, പ്ലസ് ടു വിദ്യാർഥി ഫിദ ഫാത്തിമ, എൽകെജി വിദ്യാർഥി റയാൻ എന്നിവരാണ് മക്കൾ.
നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നിയമനടപടികൾ നടന്നു വരുന്നു. റഷീദിന്റെ സ്പോൺസറും ഒരു സഹോദരനും പിന്തുണയുമായി കൂടെയുണ്ട്.
ഊർജസ്വലനായ ഒരു സാമൂഹ്യപ്രവർത്തകനെയാണ് റഷീദിന്റെ മരണത്തോടെ നഷ്ടമായത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു. റഷീദിന്റെ മരണത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.