അഹമ്മദാബാദ്: ഗുജറാത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഗുജറാത്ത് സർക്കാർ വിജ്ഞാപനം പുറത്തിറക്കുന്നതോടെ സംസ്ഥാനത്ത് നിയമം നിലവിൽവരും.
ഇതോടെ ഉത്തരാഖണ്ഡിനു പിന്നാലെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിലവിൽവരുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്. 2024 മാർച്ചിലാണ് ഗുജറാത്ത് നിയമസഭ യുസിസി നിയമം പാസാക്കിയത്.
കഴിഞ്ഞ മാസം 17നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്നു വ്യാഴാഴ്ച ഇറക്കിയ അസാധാരണ ഗസറ്റിൽ സർക്കാർ പറയുന്നു.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ എല്ലാ മതസ്ഥര്‍ക്കും ഏകീകൃത നിയമം നടപ്പാക്കുകയെന്നതാണ് നിയമത്തിന്റെ ലക്ഷ്യം.
പട്ടികവര്‍ഗ വിഭാഗത്തെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗുജറാത്ത് സംസ്ഥാനത്തുടനീളം ബാധകമായ ഈ നിയമം, സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഗുജറാത്തികൾക്കും ബാധകമാണ്. നിയമത്തിൽ ഒന്നിലധികം വിവാഹം കഴിക്കുന്നതു കുറ്റകരമാണ്.
ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ വിവാഹം നടത്തിയാല്‍ ഏഴു വര്‍ഷം വരെയുള്ള തടവുശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവാഹവും ലിവിംഗ് ടുഗതര്‍ ബന്ധങ്ങളും നിർബന്ധമായി രജിസ്റ്റർ ചെയ്യണമെന്നും നിയമം നിഷ്കർഷിക്കുന്നു.