ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ അന്വേഷണാത്മക റിപ്പോർട്ടുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കോടതി അയച്ച സമൻസ് ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ രവി നായർ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
അദാനി ഗ്രൂപ്പിന്റെ സംശയാസ്പദമായ വിദേശ ഫണ്ടിംഗ് എന്ന വിഷയത്തിൽ രവി നായർ എഴുതിയ റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് ഗുജറാത്തിലെ കോടതി സമൻസ് അയച്ചത്. കേസിൽ ഇടപെടാൻ കഴിയില്ലെന്നും ഹർജിക്കാരന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
റിപ്പോർട്ട് വസ്തുതാപരമാണെന്നും തന്നെ വേട്ടയാടാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്നുമാണ് രവി നായർ വാദിച്ചത്. എന്നാൽ, ഈ ഘട്ടത്തിൽ കേസിൽ നേരിട്ട് ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തെ തകർക്കാനും അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് രവി നായരുടെ റിപ്പോർട്ടുകളെന്നാണ് അദാനി ഗ്രൂപ്പ് ആരോപിക്കുന്നത്. കേസിന്റെ തുടർന്നുള്ള നടപടികൾക്കായി രവി നായർക്ക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.