ആലക്കോട്: റോഡ് തകർന്നതുമൂലം യാത്ര ദുരിതം നേരിടുന്ന രയറോം-പരപ്പ-കാർത്തികപുരം റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന് പരാതി. കരാറുകാരൻ മെറ്റൽ, ടാർ ഉൾപ്പെടെയുള്ളവ ഇറക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
ജനങ്ങളുടെ വാഹന പാർക്കിംഗ് തടസപ്പെടുത്തുന്ന തരത്തിൽ പരപ്പ സെന്റ് ജോസഫ്സ് പള്ളിയുടെ സ്ഥലത്താണ് സാധനങ്ങൾ ഇറക്കി ഇട്ടിരിക്കുന്നത്.
പണി ആരംഭിക്കാത്തതെന്തെന്ന നാട്ടുകാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി കരാറുകാരനിൽ നിന്നുണ്ടാകുന്നില്ല. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡാണിത്. എട്ടു കിലോമീറ്ററുള്ള റോഡിന്റെ ഏറിയ ഭാഗവും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ നിലയിലാണ്. മഴയത്ത് റോഡിലെ കുഴികളിൽ ചെളിവെള്ളം നിറയുന്നതിനാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയാണ്.
11 വർഷം മുന്പാണ് ഒടുവിൽ ഈ റോഡ് ടാറിംഗ് നടത്തിയത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണി നടത്തിട്ടില്ല.