ഹൈദരാബാദ്: തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഹേസലോ ഫാർമ എന്ന വ്യവസായ ശാലയിലാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ എട്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്ലാന്റിനുള്ളിൽ കെമിക്കൽ റിയാക്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം കേട്ട് ദോതിഗുഡം, അന്തമ്മഗുഡം എന്നീ സമീപ ഗ്രാമങ്ങളിലെ ജനങ്ങൾ രാത്രിയിൽ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.