രാമപുരം: രാമപുരം-പാലാ റോഡില്‍ ഏരിമറ്റം ജംഗ്ഷനു സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ വൈന്‍ മാത്യുവിന്റെ മകന് റെയ്ഗണ്‍ ജോര്‍ജ് വൈന്‍(23) ആണ് മരിച്ചത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡില്‍നിന്നും കാര്‍ താഴെയുള്ള തിട്ടയിലേക്ക് പതിച്ച് സമീപത്തുള്ള വീടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു. അപകട സമയത്ത് റെയ്ഗണ്‍ വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റെയ്ഗണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന റെയ്ഗണിന്റെ സുഹൃത്തുക്കളായ മെല്ബിന് ബാബു, അലന്സണ്, അഭിഷേക് മാത്യു എന്നിവർക്ക് സാരമായി പരിക്കേറ്റു.
രാമപുരം സെന്റ് അഗസ്റ്റിന് കോളജില്‍നിന്നു ഡിഗ്രി പൂര്‍ത്തിയാക്കിയ റെയ്ഗണ്‍ ഖത്തറില്‍ ജോലി ചെയ്യുന്ന പിതാവിനൊപ്പം പോകാനിരിക്കേയായിരുന്നു അപകടം. രാത്രിയില്‍ സുഹൃത്തിനെ ചിറകണ്ടത്തുള്ള വീട്ടിൽ കൊണ്ടുപോയി വിടാനായി എത്തിയപ്പോഴാണ് അപകടം നടന്നത്.
രാമപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് കോട്ടയം ചെറിയ പള്ളിയില്‍. അമ്മ: ജ്യോതി ജോര്‍ജ്, സഹോദരി: റേയ്സല്.