തിരുവനന്തപുരം: വിജിലൻസ് പ്രധാനമായി അന്വേഷിക്കുന്നത് കിഫ്ബിയുടെ മറവിൽ നടത്തിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ. 5336 ഏക്കർ ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റു നിക്ഷിപ്ത താത്പര്യങ്ങൾക്കോ പങ്കുണ്ടായിരുന്നോ എന്ന് വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ നിർദേശിച്ച് സർക്കാർ ഉത്തരവിറക്കി.
ഇതോടെ കിഫ്ബിയുടെ മറവിൽ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളും തിരിമറികളും കൃത്രിമങ്ങളും നിക്ഷിപ്ത താത്പര്യങ്ങളും വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നു വ്യക്തമായി. ചില ഏജൻസികളുടെ മറവിൽ ഭൂമി കൈമാറ്റം ചെയ്തതായും ഇത്തരം ഏജൻസികൾക്ക് ഭൂമി ഇടപാടിന്റെ പണം എത്തിയതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ വിശദമായി പരിശോധിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയത്.
വിജിലൻസ് ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരത്തോടെ ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് അന്വേഷണസംഘത്തെ പ്രഖ്യാപിക്കും. പ്രാഥമികാന്വേഷണമാകും ആദ്യം നടത്തുക. തുടർന്നാകും വിജിലൻസ് കേസെടുത്ത് അന്വേഷിക്കുക. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണ ഉത്തരവ് ഇറക്കിയത്.
ബൃഹത്തായ ബഹുമുഖ വ്യവസായ മേഖലകൾ സ്ഥാപിക്കാനായി 2018 ഒക്ടോബർ 25നു ചേർന്ന കിഫ്ബി യോഗ തീരുമാന പ്രകാരമാണ് 12,710 കോടി രൂപ ചെലവഴിച്ച് 5,336 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
കണ്ണൂരിൽ 4,896 ഏക്കർ ഭൂമിയും പാലക്കാട് 470 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഏതെങ്കിലും വാണിജ്യ പദ്ധതികൾ ഇല്ലാതെ കിഫ്ബി സമർപ്പിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സംസ്ഥാന ഖജനാവിന് വലിയ നഷ്ടം വരുത്തുന്ന തരത്തിൽ ഭൂമി ഏറ്റെടുക്കലുകൾ നടന്നത്.
ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പാലിച്ചിട്ടുണ്ടോ, ഇടപാടുകളിൽ സാന്പത്തിക ജാഗ്രത പുലർത്തിയോ എന്നതും പൊതുഫണ്ടുകളുടെ വിനിയോഗത്തിലെ ആശങ്കകളുംഅന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുണ്ടെന്നു കിഫ്ബി പുനഃസംഘടനയെക്കുറിച്ചു പഠിച്ച സുധാപിള്ള സമിതി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കിഫ്ബി ക്രമക്കേട് വിജിലൻസ് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.