മെക്സിക്കോയിലെ ഹാലിസ്കോയിൽ ബൈക്ക് മോഷ്ടാക്കളെന്ന് ആരോപിക്കപ്പെടുന്ന യുവാക്കളെ പൊതുസ്ഥലങ്ങളിലെ തൂണുകളിൽ കെട്ടിയിട്ട് ശിക്ഷിക്കുന്ന അജ്ഞാതരുടെ നടപടി വലിയ ചർച്ചയാകുന്നു.
ശരീരത്തിൽ കള്ളന്മാർക്കുള്ള മുന്നറിയിപ്പ് ബോർഡുകളുമായി കണ്ടെത്തിയ ഇവരുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ, സോഷ്യൽ മീഡിയ ഈ അജ്ഞാത ശക്തിയെ "ലാഗോസ് ഡി മൊറേനോയിലെ ബാറ്റ്മാൻ" എന്നാണ് വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം അഞ്ചോളം യുവാക്കളാണ് ഇത്തരത്തിൽ ക്രൂരമായി കെട്ടിയിടപ്പെട്ടത്. ചില സംഭവങ്ങളിൽ മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന ബൈക്കുകളും ഇവരുടെ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ രീതിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്തെത്തുമ്പോഴും പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നിയമപ്രകാരം കുറ്റം തെളിയുന്നത് വരെ കെട്ടിയിടപ്പെട്ടവരെ ഇരകളായി മാത്രമേ കാണാൻ സാധിക്കൂ എന്ന് ഹാലിസ്കോ പ്രൊസിക്യൂട്ടർ സാൽവഡോർ ഗോൺസാലസ് വ്യക്തമാക്കി.
ഇത്തരം നിയമവിരുദ്ധമായ ശിക്ഷാ രീതികൾ വ്യക്തിവൈരാഗ്യം തീർക്കാനും നിരപരാധികളെ ക്രൂശിക്കാനും കാരണമാകുമെന്ന് സാമൂഹിക നിരീക്ഷകരും മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റവാളികൾക്കായി പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.