കംപാല: റുവാണ്ടൻ വിമത നേതാവ് സർജന്റ് മേജർ റോബർട്ട് കബേറയെ ഉഗാണ്ടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
തലയറത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കാമെംഗോ മേഖലയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. കബേറയുടെ മൃതദേഹം സഹോദരനും പ്രദേശവാസികളും തിരിച്ചറിഞ്ഞു.
2020ൽ ഉഗാണ്ടയിലേക്കു രക്ഷപ്പെടും വരെ റുവാണ്ടൻ സൈന്യത്തിലുണ്ടായിരുന്ന ആളാണ് റോബർട്ട് കബേറ. റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമേയ്ക്കെതിരേ നിശിത വിമർശനം നടത്തിയിരുന്ന ആളാണ് കബേറ.
1994 മുതൽ റുവാണ്ടയിൽ ഭരണം നടത്തുന്നത് കഗാമേയാണ്. ഇദ്ദേഹത്തിന്റെ ഏകാധിപത്യഭരണത്തിനെതിരേ രാജ്യത്ത് അതൃപ്തി പുകയുകയാണ്. കഗാമേയുമായി ഭിന്നതയുള്ള ഒട്ടേറെ മുതിർന്ന ഓഫിസർമാർ രാജ്യംവിട്ടു.