കൊച്ചി: റിക്കാർഡ് കുതിപ്പിനുശേഷമാണ് സംസ്ഥാനത്തു സ്വർണവില ഒരു ലക്ഷം രൂപയ്ക്കു താഴെയെത്തിയിരിക്കുന്നത്. ഈവർഷം ജനുവരി അവസാനവാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 5,595 ഡോളറിനടുത്തെത്തിയിരുന്നു. എന്നാൽ തുടർന്നുണ്ടായ ശക്തമായ തിരുത്തലിൽ ഈമാസം 16ന് വില 3,831 ഡോളറിനടുത്തേക്ക് താഴ്ന്നു. ഇന്നലെ ട്രോയ് ഔൺസിന് ഏകദേശം 3,869 ഡോളറിലാണു വ്യാപാരം നടന്നത്. റിക്കാർഡ് നിലവാരത്തിൽനിന്ന് ഏകദേശം 31 ശതമാനത്തിന്റെ ഇടിവാണിത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിനൊപ്പം രൂപയുടെ മൂല്യത്തകർച്ചയും ഉണ്ടായിട്ടുണ്ട്. 2025 ഡിസംബർ അവസാനത്തിൽ ഒരു ഡോളറിന് ഏകദേശം 89.77 രൂപയായിരുന്ന വിനിമയനിരക്ക് ഇപ്പോൾ 93.93 രൂപയിലെത്തി. അതായത് ഡോളറിനെതിരേ രൂപയുടെ മൂല്യം ഏകദേശം 4.6 ശതമാനം കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 31 ശതമാനത്തോളം താഴ്ന്നപ്പോഴും രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിലെ വിലയിടിവിന്റെ ആഘാതം കുറയ്ക്കുന്ന ഘടകമായി. സ്വർണത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അന്താരാഷ്ട്രവിലയ്ക്കൊപ്പം രൂപയുടെ വിനിമയനിരക്കും ആഭ്യന്തര സ്വർണവില നിർണയിക്കുന്നതിൽ നിർണായകമാണ്.
ആഗോള സാമ്പത്തിക ഘടകങ്ങൾ
അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടൽ, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളിലെ മാറ്റം, നിക്ഷേപകരുടെ വ്യാപകമായ ലാഭമെടുപ്പ്, ആഗോള സാമ്പത്തികസാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണു സ്വർണവിലയിലെ തിരുത്തലിനു പ്രധാന കാരണങ്ങൾ. സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്കു വർഷത്തിന്റെ തുടക്കത്തിൽ റിക്കാർഡ് നിലവാരത്തിലെത്തിയത് വലിയ ലാഭമുണ്ടാക്കാൻ അവസരമായി. ഇതോടെ നിക്ഷേപകർ വൻതോതിൽ വില്പന നടത്തി ലാഭമെടുത്തത് വിലയിൽ ശക്തമായ ഇടിവിനു കാരണമായി. പലിശ ലഭിക്കുന്ന നിക്ഷേപമാർഗങ്ങളിലേക്കുള്ള താത്പര്യം വർധിക്കുന്നതും സ്വർണത്തിന്റെ ആകർഷണത്തെ ബാധിക്കുന്നുണ്ട്.
ഉപഭോക്താക്കൾക്ക് ആശ്വാസം
സ്വർണവില കുറഞ്ഞത് സാധാരണ ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് വിവാഹാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരുന്ന കുടുംബങ്ങൾക്ക് ആശ്വാസമാണ്. ഉയർന്ന വില കാരണം മാറ്റിവച്ചിരുന്ന വാങ്ങലുകൾ പുനരാരംഭിക്കാൻ ഇതു വഴിയൊരുക്കും. എന്നാൽ വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ വാങ്ങൽ നീട്ടിവയ്ക്കുന്നവരുമുണ്ട്. അതിനാൽ വില കുറഞ്ഞതുകൊണ്ടുമാത്രം വിപണിയിൽ ഉടനടി വലിയ ഉണർവുണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ല. വിലയിലെ സ്ഥിരതയും ഭാവിയെക്കുറിച്ചുള്ള വ്യക്തതയും ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കും.
വ്യാപാരികൾക്കു വെല്ലുവിളി
ഉയർന്ന വിലയ്ക്കു സ്വർണം സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വിലയിടിവ് വലിയ വെല്ലുവിളിയാണ്. ഉയർന്ന വിലയ്ക്കു വാങ്ങിയ സ്റ്റോക്കിന്റെ നിലവിലെ വിപണിമൂല്യം കുറയുന്നത് പ്രവർത്തനമൂലധനത്തെ ബാധിക്കും. പുതിയ വിലയ്ക്കു വിൽക്കേണ്ടിവരുമ്പോൾ പഴയ സ്റ്റോക്കിൽ മൂല്യനഷ്ടമുണ്ടാകും. തുടർച്ചയായ വിലമാറ്റങ്ങൾ പുതിയ സ്റ്റോക്ക് വാങ്ങുന്നതിനും വില നിശ്ചയിക്കുന്നതിനും വ്യാപാരികൾക്കു പ്രയാസമുണ്ടാക്കും. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവയ്ക്കുന്നതും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങൾ, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയനിരക്ക്, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങൽ എന്നിവയായിരിക്കും വരുംദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. അന്താരാഷ്ട്ര വിപണിയിലെ സമ്മർദം തുടരുകയാണെങ്കിൽ വില വീണ്ടും കുറയാം. അതേസമയം ആഗോള അനിശ്ചിതത്വങ്ങൾ വർധിച്ചാൽ സ്വർണവില തിരിച്ചുകയറാനും സാധ്യതയുണ്ട്.