പാരീസ്: ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി പാരീസിൽ ലെയോ പതിനാലാമൻ മാർപാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ റിക്കാർഡ് രജിസ്ട്രേഷൻ.
പാരീസിലെ പ്ലേസ് ഡി ലാ കോൺകോർഡിലും ഷാംപ്സ് എലിസേയിലുമായി നടക്കുന്ന വിശുദ്ധ കുർബാനയിലേക്ക് ഇതുവരെ ആറുലക്ഷത്തോളം വിശ്വാസികൾ രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.
തീർഥാടകരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ ഉയർന്നതോടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്ഥലവിസ്തൃതി കൂട്ടാനും പ്രവേശനമേഖലകൾ വിപുലീകരിക്കാനും പാരീസ് രൂപതയും സുരക്ഷാ വിഭാഗവും തീരുമാനിച്ചു.
പ്ലേസ് ഡി ലാ കോൺകോർഡിനും ഷാംപ്സ് എലിസേയ്ക്കും പുറമെ സമീപ പ്രദേശങ്ങളിലേക്കും പ്രവേശന സോണുകൾ വികസിപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്. ഈ മാസം 25 മുതൽ 28 വരെയാണു മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനം. 26നാണ് മാർപാപ്പ പാരീസിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. 18 വർഷത്തിനുശേഷമാണ് ഒരു മാർപാപ്പ ഫ്രഞ്ച് മണ്ണിലെത്തുന്നത്.
അതിനാൽത്തന്നെ വലിയ ആവേശത്തോടെയാണ് സർക്കാരും രാജ്യത്തെ ജനതയും ഈ സന്ദർശനത്തെ കാണുന്നത്. പാരീസിനുപുറമെ ലൂർദ്, മെറ്റ്സ് നഗരങ്ങളും മാർപാപ്പ സന്ദർശിക്കും. മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിൽ നടക്കുന്ന വിശുദ്ധ കുർബാനയിലേക്കും കനത്ത രജിസ്ട്രേഷനാണു രേഖപ്പെടുത്തുന്നത്.