കണ്ണൂര്‍: ജവഹര്‍ സ്റ്റേഡിയത്തില്‍ ആധുനിക ഫുട്ബോള്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ്. കണ്ണൂരിലെ ഫുട്ബോള്‍ സംസ്കാരത്തിനും ഭാവിതലമുറയുടെ കായിക വികസനത്തിനും അനുയോജ്യമായ രീതിയില്‍ ജവഹര്‍ സ്റ്റേഡിയത്തെ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്ന് ആരാധക കൂട്ടായ്മ പറയുന്നു.
പുതിയ ബജറ്റില്‍ മലബാറില്‍ 50 കോടി ചെലവില്‍ ഫുട്ബോള്‍ സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിലും ഇത്തരം സ്റ്റേഡിയം വേണമന്നും റെഡ് മറൈനേഴ്സ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ടി.ഒ. മോഹനൻ എംഎൽഎയ്ക്ക് റെഡ് മറൈനേഴ്സ് കൂട്ടായ്മ സെക്രട്ടറി പി.വാഹിദ്, വൈസ് പ്രസിഡന്റ് എസ്.പ്രസൂണ്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നൽകി.
ബലക്ഷയം മൂലം ഉപയോഗിക്കാനാകാത്ത ഈസ്റ്റ് ഗാലറി പുനര്‍നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക, സ്റ്റേഡിയത്തിന്റെ ആകെ ഇരിപ്പിടശേഷി വര്‍ധിപ്പിക്കുക, കളിക്കാര്‍ക്കായി സ്ഥിരം ഡ്രസിംഗ് റൂമുകള്‍, മെഡിക്കല്‍ റൂം, ഡോപ്പിംഗ് കണ്ട്രോള് റൂം, ഓഫീസുകള്‍ എന്നിവ നിര്‍മിക്കുക, ആവശ്യമായ ശുചിമുറി സൗകര്യങ്ങളും കുടിവെള്ള സംവിധാനങ്ങളും ഒരുക്കുക, ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന നിലവാരത്തിലുള്ള സ്ഥിരം ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിക്കുക, മാധ്യമ പ്രവര്‍ത്തകര്‍ക്കും സംപ്രേഷണ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ മീഡിയ സൗകര്യങ്ങള്‍ ഒരുക്കുക, സ്റ്റേഡിയം പരിസരത്ത് പാര്‍ക്കിംഗ്, സുരക്ഷ, പ്രവേശന-പുറത്തിറങ്ങല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് റെഡ് മറൈനേഴ്സിന്റെ പ്രധാന ആവശ്യങ്ങൾ.
കണ്ണൂരിനെ ഉത്തര കേരളത്തിലെ പ്രധാന ഫുട്ബോള്‍ കേന്ദ്രമായി വികസിപ്പിക്കുന്നതിന് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.