കൊല്ലം: ലോക യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല റെഡ് റിബണ്‍ ക്വിസ് പ്രോഗ്രാമില്‍ അഞ്ചല്‍ ആരോഗ്യ ബ്ലോക്ക് പരിധിയിലെ എരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഭിനവ്, വര്‍ഷ എന്നിവരുടെ ടീം ചാമ്പ്യന്മാരായി.
രണ്ടാം സ്ഥാനം കുളത്തൂ പ്പുഴ ആരോഗ്യ ബ്ലോക്ക് പരിധിയിലെ പുനലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.ആർ. ഗൗരി, ആര്.എസ്. അനാമിക എന്നിവരുടെ ടീം കരസ്ഥമാക്കി.
മൂന്നാം സ്ഥാനം നെടുമണ്‍കാവ് ആരോഗ്യ ബ്ലോക്ക് പരിധിയിലെ നെടുവത്തൂര്‍ ഇവിഎച്ച് സ്കൂളിലെ എസ്. അദ്വൈത്, അഭിനവ് ശേഖര്‍ എന്നിവര്‍ നേടി. യുവജനങ്ങളില്‍ എച്ച്ഐവി/എയ്ഡ്സ് സംബന്ധമായ അവബോധം വര്‍ധിപ്പിക്കുക, പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി.
ബിഷപ് കത്തലാനി കാമ്പസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ടിബി ഓഫീസര്‍ ഡോ. സാജന് മാത്യൂസ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.ശ്രീകുമാര്‍, എന്‍എസ്എസ് ജില്ലാ കോ-ഓർഡിനേറ്റര്‍മാരായ പി.വി. സജിമോന്‍, എസ്. പ്രസാദ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി. ഷാലിമ, ദിശ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നിസ് ജോര്‍ജ്, എന്‍എച്ച്എം കണ്‍സൾട്ടന്റ് ആതിര എന്നിവര്‍ നേതൃത്വം നല്കി. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു.