ന്യൂഡൽഹി: അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾക്കുമുന്നിൽ ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ ഭക്ഷ്യസുരക്ഷാ അഥോറിറ്റി (എഫ്എസ്എസ്എഐ) തീരുമാനം. ഇതുസംബന്ധിച്ചുള്ള സത്യവാങ്മൂലം വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേരളം ആസ്ഥാനമായുള്ള ത്രീഎസ് ആൻഡ് ഔർ ഹെൽത്ത് സൊസൈറ്റി എന്ന സന്നദ്ധസംഘടന നൽകിയ ഹർജിയിലാണ് ഭക്ഷ്യസുരക്ഷാ അഥോറിറ്റി സുപ്രീംകോടതിയിൽ നിലപാടറിയിച്ചത്.
പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന ഭക്ഷണത്തിലെ ആരോഗ്യകരമല്ലാത്ത ഘടകങ്ങളെക്കുറിച്ച് എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്നതിനാണ് ഈ നീക്കം.
രണ്ടു ഘട്ടം
നിർദിഷ്ട പരിധിയേക്കാൾ കൂടുതൽ അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷണങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ചുവന്ന ലേബൽ നിർബന്ധമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇതിൽ ഏതെങ്കിലും ഒരുഘടകം മാത്രം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളിലേക്കും ചുവപ്പ് ലേബലിംഗ് വ്യാപിപ്പിക്കും.
കൃത്യമായ പരിശോധന
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെയും മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ലേബലിംഗ് തീരുമാനിക്കുന്നത്. പാക്കറ്റിന്റെ മുൻഭാഗത്ത് നൽകുന്ന ലേബലുകളിൽ അളവിൽ കൂടുതൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ വ്യക്തമായി രേഖപ്പെടുത്തും.
ഒഴിവാക്കപ്പെട്ടവ
ഒറ്റചേരുവ മാത്രം അടങ്ങിയ ഭക്ഷണങ്ങൾ, പ്രകൃതിദത്തമായി തന്നെ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ള നെയ്യ്, ഭക്ഷ്യ എണ്ണ, പഞ്ചസാര, ശർക്കര, തേൻ തുടങ്ങിയ ഉത്പന്നങ്ങളെ തത്കാലം ലേബലിംഗിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.