ഇന്ത്യൻ മഹാസമുദ്രത്തിലെ വിദൂര പ്രദേശമായ ഓസ്ട്രേലിയയുടെ ക്രിസ്മസ് ദ്വീപിൽ നടക്കുന്ന ചുവന്ന ഞണ്ടുകളുടെ വാർഷിക ദേശാടനം ഭൂമിയിലെ ഏറ്റവും വലിയ കരജീവി പലായനങ്ങളിൽ ഒന്നാണ്. ഏകദേശം 10 കോടിയോളം കടും ചുവപ്പ് നിറമുള്ള ഞണ്ടുകളാണ് ദ്വീപിലെ മഴക്കാടുകളിൽ നിന്ന് സമുദ്രത്തിലേക്ക് കൂട്ടത്തോടെ നീങ്ങുന്നത്. ഇതോടെ റോഡുകളും പാറക്കെട്ടുകളും കടൽത്തീരങ്ങളുമെല്ലാം ചലിക്കുന്ന ഒരു ചുവന്ന പരവതാനി വിരിച്ചതുപോലെയാകും.
എന്തിനാണ് ഇവ ദേശാടനം നടത്തുന്നത്?
ചുവന്ന ഞണ്ടുകൾ തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും കരയിലെ മഴക്കാടുകളിലാണ് ചെലവഴിക്കുന്നതെങ്കിലും, ഇണചേരാനും മുട്ടയിടാനും ഇവയ്ക്ക് കടലിലേക്ക് മടങ്ങിയേ തീരൂ. ഇവയുടെ ലാർവകൾക്ക് വളരാനും കരയിലേക്ക് മടങ്ങുന്നതിന് മുൻപ് പൂർണവളർച്ചയെത്താനും ഉപ്പുവെള്ളം അനിവാര്യമാണ്. മണ്ണിൽ മാളങ്ങൾ കുഴിച്ചും, മണ്ണ് ഇളക്കിമറിച്ചും, വീണുകിടക്കുന്ന ഇലകളും പഴങ്ങളും ഭക്ഷിച്ചും ദ്വീപിലെ മഴക്കാടുകളുടെ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു.
മഴക്കാലത്തെ ആദ്യത്തെ കനത്ത മഴ പെയ്യുന്നതോടെയാണ് ഇവയുടെ യാത്ര ആരംഭിക്കുന്നത്. സാധാരണയായി ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിലാണ് ഇത് സംഭവിക്കാറുള്ളത് (മഴ വൈകിയാൽ ഡിസംബറിലോ ജനുവരിയിലോ ആകാം). ചെകിളപ്പൂക്കൾ വഴി ശ്വസിക്കുന്നതിനാൽ വരണ്ട ചൂടിൽ ഇവയുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ചത്തുപോകാൻ സാധ്യതയുണ്ട്, അതിനാലാണ് ഇവ മഴക്കാലം തെരഞ്ഞെടുക്കുന്നത്.
മഴ എപ്പോൾ പെയ്താലും, ചന്ദ്രന്റെ അവസാന പാദത്തിലെ വേലിയേറ്റം കുറയുന്ന സമയത്ത് കൃത്യമായി മുട്ടയിടാൻ കഴിയുന്ന രീതിയിലാണ് ഇവ യാത്ര ക്രമീകരിക്കുന്നത്. ഈ സമയത്ത് തിരമാലകളുടെ ശക്തി കുറവായതിനാൽ പെൺഞണ്ടുകൾക്ക് കടലിൽ ഒഴുകിപ്പോകാതെ സുരക്ഷിതമായി മുട്ടയിടാൻ സാധിക്കും.
ആൺഞണ്ടുകളാണ് കാട്ടിൽ നിന്ന് ആദ്യം പുറപ്പെടുന്നത്; തൊട്ടുപിന്നാലെ പെൺഞണ്ടുകളും എത്തും. കടൽത്തീരത്ത് എത്താൻ ഇവയ്ക്ക് ഏകദേശം 5 മുതൽ 7 ദിവസം വരെ എടുക്കും. തീരത്തെത്തിയാൽ ആൺഞണ്ടുകൾ മണലിൽ മാളങ്ങൾ കുഴിക്കുകയും അവിടെവെച്ച് ഇണചേരുകയും ചെയ്യുന്നു. തുടർന്ന് കടലിൽ മുങ്ങി ശരീരത്തിലെ ജലാംശം വീണ്ടെടുത്ത ശേഷം ആൺഞണ്ടുകൾ ഉടൻ തന്നെ കാട്ടിലേക്ക് മടങ്ങും.
പെൺഞണ്ടുകൾ ഏകദേശം രണ്ടാഴ്ചയോളം തീരത്തെ ഈർപ്പമുള്ള മാളങ്ങളിൽ തന്നെ കഴിയും. ഈ സമയത്ത് അവയുടെ ശരീരത്തിലെ പ്രത്യേക സഞ്ചിയിൽ മുട്ടകൾ വളരുന്നു. ഒരു പെൺഞണ്ടിന് ഏകദേശം ഒരു ലക്ഷം മുട്ടകൾ വരെ ഉത്പാദിപ്പിക്കാൻ കഴിയും.
കൃത്യമായ വേലിയേറ്റ സമയത്ത് പുലർച്ചെയ്ക്ക് മുൻപായി പെൺഞണ്ടുകൾ മാളങ്ങളിൽ നിന്ന് പുറത്തുവന്ന് തീരത്ത് തടിച്ചുകൂടും. തുടർന്ന് ശരീരം ശക്തമായി കുടഞ്ഞ് മുട്ടകൾ കടലിലേക്ക് നിക്ഷേപിച്ച ശേഷം ഇവ കാട്ടിലേക്ക് മടങ്ങും. കടലിൽ ഒരു മാസത്തോളം വളരുന്ന ലാർവകൾ ചെറിയ ഞണ്ടുകുഞ്ഞുങ്ങളായി മാറുന്നു. മുട്ടയിട്ട് ഏകദേശം നാലാഴ്ചയ്ക്ക് ശേഷം കോടിക്കണക്കിന് കുഞ്ഞുഞണ്ടുകൾ കടലിൽ നിന്ന് കരയിലേക്ക് കയറി മഴക്കാടുകളിലേക്ക് തിരികെ യാത്രയാകുന്നതോടെ ഈ ചക്രം പൂർത്തിയാകുന്നു.
ഞണ്ടുകളെ സംരക്ഷിക്കാനുള്ള നടപടികൾ
തടസങ്ങൾ വകവയ്ക്കാതെ നേർരേഖയിലാണ് ഇവ സഞ്ചരിക്കുന്നത് എന്നതിനാൽ, വാഹനങ്ങൾ തട്ടി ഞണ്ടുകൾ ചാകാതിരിക്കാൻ ക്രിസ്മസ് ദ്വീപിലെ താമസക്കാരും പാർക്ക്സ് ഓസ്ട്രേലിയയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. തെരക്കേറിയ റോഡുകൾക്ക് അടിയിലൂടെ ഡസൻ കണക്കിന് പ്രത്യേക തുരങ്കങ്ങളും, പ്രധാന കവലകൾക്ക് കുറുകെ കയറിപ്പോകാൻ 5 മീറ്റർ ഉയരമുള്ള പ്രത്യേക ലോഹപ്പാലവും നിർമിച്ചിട്ടുണ്ട്.
ഞണ്ടുകളെ തുരങ്കങ്ങളിലേക്കും പാലങ്ങളിലേക്കും നയിക്കാൻ കിലോമീറ്ററുകളോളം പ്ലാസ്റ്റിക് വേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഞണ്ടുകൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുന്ന സമയങ്ങളിൽ പ്രധാന റോഡുകൾ പൂർണമായും അടച്ചിടും. ടയറുകൾക്കിടയിൽ നിന്ന് ഞണ്ടുകളെ പരിക്കേൽപ്പിക്കാതെ മാറ്റിവിടാനായി പ്രദേശവാസികൾ തങ്ങളുടെ കാറുകളിൽ പ്രത്യേക ചൂലുകളും കരുതാറുണ്ട്.