ഇൻസ്റ്റഗ്രാം റീൽസിനും സോഷ്യൽ മീഡിയ കാഴ്ചക്കാർക്കുമായി എടുത്ത ഒരു സാഹസം ജമ്മു കാഷ്മീരിലെ സോനാമാർഗിൽ വലിയൊരു അപകടത്തിന്റെ അരികിലെത്തിച്ചു.
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിലെ സിന്ധ് റിസോർട്ടിന് സമീപം ഒഴുകുന്ന സിന്ധ് നദിയിലേക്കാണ് മഹീന്ദ്ര സ്കോർപിയോ വാഹനം ഓടിച്ചുകയറ്റിയത്.
റീൽസ് ചിത്രീകരണത്തിനിടെ നദിയിലെ ശക്തമായ ഒഴുക്കിൽപെട്ട് കാറിന്റെ എൻജിൻ തകരാറിലാവുകയും വാഹനം നടുവിൽ കുടുങ്ങുകയുമായിരുന്നു.
പർവതനിരകളിൽ നിന്ന് വൻ ശക്തിയിൽ ഒഴുകിയെത്തുന്ന വെള്ളത്തിൽ കാർ ഏതുനിമിഷവും ഒഴുകിപ്പോകാവുന്ന അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ ഉടൻതന്നെ ജമ്മു കാഷ്മീർ പൊലിസും പ്രദേശവാസികളും ചേർന്ന് സ്ഥലത്തെത്തി മിന്നൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഒടുവിൽ നാട്ടുകാരുടെയും പൊലിസിന്റെയും കൂട്ടായ പ്രയത്നത്തിനൊടുവിൽ കാറിലുണ്ടായിരുന്നവരെ എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിക്കാനായി. ഭാഗ്യവശാൽ ആർക്കും പരിക്കുകളേറ്റില്ല.
പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് വാഹനം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച ശ്രീനഗർ നവകാദൽ സ്വദേശി മുഹമ്മദ് ഇബാദ് ഭട്ട്, കൂടെയുണ്ടായിരുന്ന റിയാസി സ്വദേശി നസീർ അഹമ്മദ് മുഗൾ എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു.
നദിയിൽ വാഹനം ഇറക്കിയുള്ള അനാവശ്യ സാഹസികത ഗുരുതരമായ കുറ്റമാണെന്നും സ്വന്തം ജീവനും പൊതുജനസുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.