റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂർ ജില്ലയിൽ സിഎൻജി റീഫ്യൂവലിംഗ് ഹോസ് പൊട്ടിത്തെറിച്ച് നോസിൽ തലയിൽിടിച്ച് 24 വയസുകാരനായ പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു. ഓഗസ്റ്റ് 27 ന് രാത്രി 10:40 ഓടെ ആർ.കെ ജെയിൻ ഭാരത് പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്.
വാഹനത്തിൽ സിഎൻജി നിറയ്ക്കുന്നതിനിടെ പെട്ടെന്ന് പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനത്തെ തുടർന്ന് ഗ്യാസ് ചോർച്ചയുണ്ടാവുകയും പെട്രോൾ പമ്പിൽ പരിഭ്രാന്തി പരക്കുകയും ചെയ്തു. ഗ്യാസ് ചോർന്നതോടെ ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
തുഷാർ ഖാംരി എന്ന് തിരിച്ചറിഞ്ഞ ജീവനക്കാരന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മറ്റ് ജീവനക്കാർ ചേർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം പോലീസും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. പൈപ്പ് പൊട്ടിത്തെറിച്ചതിന്റെ കാരണവും അപകടത്തിന് പിന്നിൽ എന്തെങ്കിലും അശ്രദ്ധയുണ്ടോയെന്നും അധികൃതർ പരിശോധിച്ചു വരികയാണ്.