ബെർലിൻ: കനത്ത തർക്കങ്ങൾക്കും വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി നിയമ പരിഷ്കാരമായ "കോമൺ യൂറോപ്യൻ അസൈലം സിസ്റ്റം' വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
യൂറോപ്പിലേക്ക് എത്തുന്ന പുതിയ അഭയാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ:
അതിർത്തികളിൽ കർശന പരിശോധന: യൂറോപ്യൻ യൂണിയന്റെ അതിർത്തി രാജ്യങ്ങളിൽ എത്തുന്ന അഭയാർഥികളെ അവിടെത്തന്നെ പ്രത്യേകം സജ്ജമാക്കിയ തടങ്കൽ പാളയങ്ങൾക്ക് സമാനമായ കാമ്പുകളിൽ താമസിപ്പിച്ച് പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കും.
ചില രാജ്യക്കാർക്ക് "ഫാസ്റ്റ് ട്രാക്ക്' പുറത്താക്കൽ: പാകിസ്ഥാൻ, ഇറാൻ, റഷ്യ, തുർക്കി, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തുന്ന അഭയാർത്ഥികളുടെ അപേക്ഷകൾ അതിവേഗ അതിർത്തി നടപടികളിലൂടെ (Fast-track border procedures) പരിശോധിച്ച് തള്ളിക്കളയും.
ഈ രാജ്യങ്ങളിൽ നിന്നുള്ളവരിൽ 20 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ അഭയാർത്ഥി പദവിക്ക് അർഹതയുള്ളൂ എന്നതിനാലാണിത്.
സിറിയ, അഫ്ഗാൻ അഭയാർഥികൾക്ക് ഇളവ്: അതേസമയം, കൂടുതൽ സുരക്ഷാ ഭീഷണിയുള്ള സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പതിവുപോലെയുള്ള സാധാരണ അഭയാർഥി നടപടികളായിരിക്കും ഉണ്ടാവുക.
പുതിയ നിയമം വന്നാലും അഭയാർത്ഥികളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ കയറ്റി അയക്കുക (Deportation) എന്നത് ഇപ്പോഴും കടുത്ത വെല്ലുവിളിയാണെന്ന് പ്രമുഖ കുടിയേറ്റ വിദഗ്ദ്ധനായ ജെറാൾഡ് ക്നാസ് ചൂണ്ടിക്കാണിക്കുന്നു.
ജർമനിയിലേക്കും ഓസ്ട്രിയയിലേക്കും എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ഇത്തരം നിയമങ്ങൾ കൊണ്ടല്ല, മറിച്ച് സിറിയ പോലുള്ള രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങൾ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2024-ന്റെ അവസാനത്തോടെ സിറിയയിലെ അസദ് ഭരണം അവസാനിച്ചതിനുശേഷം അവിടെ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
അതിർത്തി പരിശോധനകൾ തുടരുമെന്ന് ജർമനി
പുതിയ യൂറോപ്യൻ നിയമം പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ ജർമനി തങ്ങളുടെ അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്ന താത്കാലിക പരിശോധനകൾ ഘട്ടമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പൂർണമായി തള്ളി.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിൽ ജർമനിയുടെ അതിർത്തി പരിശോധനകൾ വലിയ വിജയമാണെന്നും ലോകത്തിന് തെറ്റായ സന്ദേശം നൽകാതിരിക്കാൻ അതിർത്തികളിലെ കനത്ത കാവൽ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കൂടാതെ, നിലവിൽ രാജ്യം വലിയ പ്രതിസന്ധിയിലായതിനാൽ ഈ വർഷം പുതിയ അഭയാർത്ഥികളെ സ്വീകരിക്കാൻ ജർമ്മനിക്ക് കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.
അഭയാർഥി അപേക്ഷകൾ നിരസിക്കപ്പെടുന്നവരെ പാർപ്പിക്കാനായി ജർമ്മനിയിലെ വിവിധ സംസ്ഥാനങ്ങളിൽ വലിയ 'റിട്ടേൺ സെന്ററുകൾ' സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. നിലവിൽ ഹാംബുർഗിലും ഐസൻഹൂട്ടൻസ്റ്റാറ്റിലും മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്.
ഗ്രീസ്, ഇറ്റലി തുടങ്ങിയ അതിർത്തി രാജ്യങ്ങളും ജർമ്മനിയും ഈ പുതിയ സങ്കീർണമായ നിയമവ്യവസ്ഥയുമായി പൂർണ്ണമായി പൊരുത്തപ്പെടാൻ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തലുകൾ.
പുതിയ അഭയാർഥി നിയമ പരിഷ്കാരത്തെക്കുറിച്ച് യൂറോപ്യൻ യൂണിയനിലും ജർമനിയിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കയാണ്.