ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിന് (എസ്ഐആർ) ഉപയോഗിച്ച സോഫ്റ്റ്വേറിന്റെ പേര്, പതിപ്പ്, മറ്റു സാങ്കേതികവിവരങ്ങൾ എന്നിവ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ. തെലുങ്കാനയിലെ സാമൂഹികപ്രവർത്തകനായ എം.എ. മുജീബ് അയ്യൂബ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കാണു വിവരങ്ങൾ കൈമാറാൻ കമ്മിഷൻ വിസമ്മതിച്ചത്.
വാണിജ്യപരമായ രഹസ്യാത്മകത, വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്തവകാശം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
എസ്ഐആർ നടപടികളിൽ നിർമിതബുദ്ധി(എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടോ, വോട്ടർമാരുടെ പേരുകൾ ഒഴിവാക്കലും തിരുത്തലുകളും സ്വയമേയാണോ നടന്നത്, തെറ്റുകൾ തിരുത്താൻ പരിശോധന നടത്തിയത് ആരാണ് തുടങ്ങിയ ചോദ്യങ്ങൾക്കും തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമായ മറുപടി നൽകാൻ തയാറായില്ലെന്ന് മുജീബ് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മിഷനെതിരേ അതിരൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. വോട്ടർപട്ടിക പരിഷ്കരണത്തിൽ വൻതോതിൽ കൃത്രിമത്വം നടത്തിയെന്ന യാഥാർഥ്യം പുറത്തുവരുമെന്നു ഭയന്നാണ് കമ്മിഷൻ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നതെന്ന് വിഷയവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ട് പങ്കുവച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
തെരഞ്ഞെടുപ്പു കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച പല എതിർപ്പുകളുടെയും കേന്ദ്രബിന്ദു ‘ഇസിഐ നെറ്റ്’ എന്ന സോഫ്റ്റ്വേറും കമ്മിഷന്റെ ഐടി വിഭാഗവുമാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.