തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന കടുത്ത വൈദ്യുതി കമ്മി മറികടക്കാനായി കൂടുതൽ വൈദ്യുതി ഹ്രസ്വകാലാടിസ്ഥാനത്തിൽ വാങ്ങുന്നതിനു കരാർ ഉണ്ടാക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടി കെഎസ്ഇബി. സെപ്റ്റംബർ ഒന്നു മുതൽ 2027 മേയ് 15 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ഈ അടിയന്തര നീക്കം.
വൈദ്യുതിവിതരണ കമ്പനികൾ യൂണിറ്റിന് ഒന്പതു രൂപയോ അതിൽ കൂടുതലോ നിരക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഉയർന്ന ഡിമാൻഡുള്ള വൈകുന്നേരങ്ങളിലെ ആവശ്യകത മുൻനിർത്തി എട്ടു വിതരണക്കാരിൽ നിന്ന് ഹ്രസ്വകാല വാങ്ങൽ നടത്താനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്.
കെഎസ്ഇബിയുടെ ഈ അപേക്ഷയിന്മേൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെപ്റ്റംബർ മൂന്നിനു വിശദമായ ഹിയറിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജലസംഭരണികളിലെ താഴ്ന്ന ജലനിരപ്പ്, ദുർബലമായ മൺസൂൺ, വേനൽക്കാലത്ത് വർധിച്ചുവരുന്ന ഉപഭോഗം, എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതം എന്നിവമൂലം സംസ്ഥാനത്ത് വലിയതോതിൽ വൈദ്യുതി കമ്മി ഉണ്ടാകുമെന്നാണ് ബോർഡ് വിലയിരുത്തൽ.
വരും മാസങ്ങളിൽ സംസ്ഥാനത്ത് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനും ലോഡ് ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനുമാണ് ഈ വാങ്ങലിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. വൈദ്യുതിവാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന കോർ കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിർദേശം സമർപ്പിച്ചത്.
വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ കമ്മി ഗണ്യമായി വർധിക്കുമെന്നും അതുകൊണ്ടു തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ലോഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും അധിക വൈദ്യുതി സമയബന്ധിതമായി സംഭരിക്കേണ്ടത് ആവശ്യമാണെന്നും കെഎസ്ഇബി ഓഗസ്റ്റ് 24 ന് കമ്മീഷന് നൽകിയ ഹർജിയിൽ പറയുന്നു.