=ചെങ്ങന്നൂർ: ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയുടെ മൃതദേഹം പമ്പാനദിയിൽ കണ്ടെത്തി. തിരുവൻവണ്ടൂർ ആവണിയിൽ ഉണ്ണികൃഷ്ണൻ നായർ-ലീന ദമ്പതികളുടെ മകൾ ധന്യാ കൃഷ്ണ (29) യാണ് മരിച്ചത്. പുളിക്കീഴ് പാലത്തിന് ഒന്നര കിലോമീറ്റർ പടിഞ്ഞാറു മാറി പമ്പാനദിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
കഴിഞ്ഞ ഏപ്രിൽ 26നാണ് ധന്യയെ കാണാതായത്. ഭർതൃവീടായ ചെട്ടികുളങ്ങരയിൽനിന്ന് ജോലിസ്ഥലമായ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കു നൈറ്റ് ഡ്യൂട്ടിക്കായി പോയതായിരുന്നു. മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ഭർത്താവ് രഞ്ജു ബി. പിള്ളയാണ് ധന്യയെ ബസ് കയറ്റിവിട്ടതെന്ന് പറയപ്പെടുന്നു.
എന്നാൽ, ആശുപത്രിയിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും ധന്യയെ കാണാത്തതിനെത്തുടർന്ന് രഞ്ജു ആശുപത്രിയിൽ അന്വേഷിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലും മറ്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ധന്യയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മാവേലിക്കര, ചെങ്ങന്നൂർ പോലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. മകൾ: ദർഷിത (6). സഹോദരി: ദിയ ഉണ്ണികൃഷ്ണൻ.