കോട്ടയം: ആര്‍ടിഇ ആക് ട് നിലവില്‍ വരുന്നതിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കിയുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രത്യേക പരീക്ഷയുടെ മൂല്യനിര്‍ണയത്തിലും യോഗ്യതാ മാര്‍ക്കിന്റെ മിനിമം പരിധിയിലും ഇളവുകള്‍ വേണമെന്നും ഇതു സംബന്ധിച്ച് അടിയന്തരമായി ഉത്തരവിറക്കണമെന്നും കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ്) ആവശ്യപ്പെട്ടു.
നിലവില്‍ കെ-ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന് 60 ശതമാനവും സംവരണ വിഭാഗങ്ങള്‍ക്ക് 55 ശതമാനവുമാണ് യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ 20 മുതല്‍ 25 വര്‍ഷത്തോളമായി സര്‍വീസിലുള്ള അധ്യാപകര്‍ക്ക് പാസ് മാര്‍ക്ക് 60 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കണമെന്നും കെഎസ്എസ്ടിഎഫ് ആവശ്യപ്പെട്ടു.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്കായുള്ള പരീക്ഷയില്‍ യോഗ്യതാ മാര്‍ക്കില്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഇളവുകള്‍ കേരളവും മാതൃകയാക്കണം.
ഇത് ഒരു മത്സരപരീക്ഷയല്ല, മറിച്ച് അധ്യാപകന്റെ അഭിരുചി പരിശോധിക്കുന്ന ഒരു ടെസ്റ്റ് മാത്രമാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിലവിലില്ലാതിരുന്ന ഒരു യോഗ്യത പിന്നീട് അടിച്ചേല്‍പ്പിക്കുമ്പോള്‍, പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് മാര്‍ക്ക് ഇളവ് അനുവദിക്കുന്നത് സാമൂഹ്യനീതിയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. നോയല്‍ മാത്യൂസും ജനറല്‍ സെക്രട്ടറി പോരുവഴി ബാലചന്ദ്രനും ആവശ്യപ്പെട്ടു.